പത്തനംതിട്ട കൊക്കാത്തോട് കാട്ടാത്തി ഉന്നതയിലെ ഊരുമൂപ്പൻ മോഹൻദാസിനെ കാണാതായിട്ട് ഏഴ് ദിവസം. 70 വയസ്സുകാരനായ മോഹൻദാസിനെ കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്. ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ ഊർജിതമാക്കണമെന്ന് കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാർ ആവശ്യപ്പെട്ടു.
2023-ലെ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച മോഹൻദാസിന് പത്തനംതിട്ട ജില്ലാ കോടതിയിൽ നിന്ന് സമൻസ് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹം കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും, അതാണ് ഊര് വിട്ടുപോകാൻ കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. അയൽവാസികളുമായുണ്ടായ തർക്കത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും, കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് പണം വാങ്ങിയെന്നും കുടുംബം ആരോപിക്കുന്നു.
കുടുംബത്തിന്റെ ആരോപണം അതീവ ഗൗരവമുള്ളതാണെന്നും, ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കെ.യു. ജനീഷ് കുമാർ ആവശ്യപ്പെട്ടു. മോഹൻദാസിനെ കണ്ടെത്താൻ ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് വ്യാപക പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഏഴ് ദിവസമായി വനമേഖലയിലും പരിസര പ്രദേശങ്ങളിലുമായി പൊലീസ്, വനവകുപ്പ്, നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചിൽ തുടരുന്നുണ്ടെങ്കിലും മോഹൻദാസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
