തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ഥാനക്കയറ്റ നിയമനങ്ങളിൽ 20 എണ്ണത്തിൽ മാറ്റം. എന്നാൽ ഏറെ വിവാദം ഉയർന്ന ശ്യാം പ്രകാശിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചാണ് എന്നായിരുന്നു ദേവസ്വം ബോർഡ് അധ്യക്ഷൻ കെ ജയകുമാറിന്റെ വിശദീകരണം. ദേവസ്വം മന്ത്രി അടക്കം നീരസം പരസ്യമാക്കി രംഗത്തെത്തിയതിന് പിന്നാലെ ഇന്ന് അടിയന്തര ബോർഡ് യോഗം ചേർന്നാണ് ഭേദഗതിക്ക് തീരുമാനമെടുത്തത്.
കഴിഞ്ഞ ദിവസമാണ് 75 പേർക്ക് സ്ഥാനക്കയറ്റം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമന ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ വിവാദങ്ങളും ഉയർന്നു. സ്വർണക്കൊള്ള കേസിൽ എസ് ഐ ടി ചോദ്യം ചെയ്ത ശ്യാം പ്രകാശിനെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ നിയമിച്ചതിലായിരുന്നു വലിയ വിവാദം. എന്നാൽ ഈ നിയമനം ചട്ടങ്ങൾക്കുള്ളിൽ നിന്നാണെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. എന്നാൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്, അതിൽ തിരുത്ത് വരുത്തി എന്നും ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു.
സീനിയർ, ജൂനിയർ തർക്കങ്ങളുണ്ടായി എന്നത് വാസ്തവം. എന്നാൽ
ഉത്തരവിൽ രാഷ്ട്രീയ താല്പര്യങ്ങളോ ലക്ഷ്യങ്ങളോ ഉണ്ടായിട്ടില്ല. ദേവസം മന്ത്രി കെ മുരളീധരന്റെ ഇടപെടൽ മറ്റേതെങ്കിലും തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി.
