രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും നാലുകൊല്ലം മുൻപ് ജയിൽമോചിതനാവുകയും ചെയ്ത എ.ജി. പേരറിവാളൻ (54) അഭിഭാഷകനായി എൻറോൾ ചെയ്തു.
30കൊല്ലത്തിലധികം ജയിലിൽ കഴിഞ്ഞ പേരറിവാളൻ 2022 മേയ് 18-നാണ് മോചിതനായത്. തുടർന്ന് കർണാടകയിലെ സ്വകാര്യ നിയമ കോളേജിൽ ചേരുകയും പഠനം പൂർത്തിയാക്കുകയുമായിരുന്നു. മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും ബാർ കൗൺസിൽ സംഘടിപ്പിച്ച എൻറോൾമെന്റ് പരിപാടിയിലാണ് അദ്ദേഹം എൻറോൾ ചെയ്തത്.
വർഷങ്ങളോളോളം നീണ്ട തന്റെ നിയമപോരാട്ടങ്ങളാണ് നിയമപഠനത്തിന് പ്രേരിപ്പിച്ചതെന്ന് അഭിഭാഷകനായി എൻറോൾ ചെയ്ത ശേഷം പേരറിവാളന്‍ പ്രതികരിച്ചു. മനുഷ്യാവകാശ സംരക്ഷണം, വധശിക്ഷക്കെതിരെയുളള പോരാട്ടം എന്നിവയിലായിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
1991-ൽ 19 വയസ്സ് പ്രായമുള്ളപ്പോളാണ് രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് പേരറിവാളൻ അറസ്റ്റിലാകുന്നത്. സ്‌ഫോടകവസ്തുവിന് വേണ്ടി 9 വോൾട്ടിന്റെ ബാറ്ററി നൽകിയെന്നായിരുന്നു അദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന കുറ്റം.
