വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ദത്തെടുക്കൽ, ഏതു മതവിഭാഗത്തിൽ പെട്ടവരാണെങ്കിലും ഈ നാലുകാര്യങ്ങൾക്കും ഇനി ബംഗാളിൽ ഒരേ നിയമമായിരിക്കും. ഇതോടെ മതപരമായ നിയമങ്ങളെല്ലാം അപ്രസക്തമാകും. മതപരമായ ചടങ്ങുകൾ നടത്തിയവരും ഏകീകൃത സിവിൽ കോഡ് അനുസരിച്ചുള്ള ചടങ്ങുകൾ പൂർത്തിയാക്കാൻ നിർബന്ധിതരാകും. വിവാഹത്തിനും വിവാഹ മോചനത്തിനും പിന്തുടർച്ചയ്ക്കുമൊക്കെ പുറമെ മറ്റ് ഏതൊക്കെ ചടങ്ങുകളിലാണ് മാറ്റം വരിക എന്ന് അറിയാൻ ഇരിക്കുന്നതേയുള്ളു.
15 വർഷത്തെ തൃണമൂൽ ഭരണം അവസാനിപ്പിച്ച് വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നതിനു തൊട്ടുപിന്നാലെയാണ് വമ്പൻ മാറ്റങ്ങളുമായി ബിജെപി സംസ്ഥാനത്തെ ഇളക്കിമറിക്കുന്നത്. ബിജെപിയെ സംബന്ധിച്ച് ഈ ബിൽ വാഗ്ദാനം പാലിക്കലാണ്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഏകീകൃത സിവിൽ കോഡ്. എല്ലാ പൌരന്മാർക്കും ഒരേ നിയമം ബാധകമാക്കുന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണ് എന്നാണ് ബിജെപി പറയുന്നത്. എന്നാൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അടിച്ചമർത്താനുള്ള നീക്കമായാണ് ഇതിനെ പ്രതിപക്ഷം കാണുന്നത്. ഭരണഘടനാപരമായി ന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് വിവിധ പാർട്ടികൾ ചൂണ്ടിക്കാണിക്കുന്നു.
പ്രകടന പത്രികയിൽ ആറുമാസത്തിനുള്ളിൽ നടപ്പാക്കുമെന്നു പറഞ്ഞ കാര്യമാണ് രണ്ടുമാസം തികയും മുൻപേ നടപ്പാക്കാൻ ഒരുങ്ങുന്നത്. പ്രകടന പത്രിക പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതും ആറുമാസത്തിനുള്ളിൽ നടപ്പാക്കുമെന്നായിരുന്നു. എന്നാൽ ബജറ്റ് സമ്മേളനത്തിൽ തന്നെ ബില്ല് കൊണ്ട് വന്ന് സംസ്ഥാനത്തെ ഞെട്ടിക്കുകയാണ് ബിജെപി. ഏകീകൃത സിവിൽ നിയമം ഉടൻവരുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വെള്ളിയാഴ്ച സൂചന നൽകിയിരുന്നു. അപ്പോൾ പോലും ഇത്ര പെട്ടെന്ന് എത്തുമെന്ന് ആരും കരുതിയില്ല.
ഗുജറാത്തിലും ഉത്തരാഖണ്ഡിലും അസമിലും ബിൽ അവതരിപ്പിച്ച മാതൃകയിൽ തന്നെയാണ് പശ്ചിമബംഗാളിലും ബിൽ കൊണ്ടുവരുന്നത്. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ രീതികൾ തന്നെയാണ് ബംഗാളും പിൻതുടരാൻ ഉദ്ദേശിക്കുന്നത്.എന്നാൽ ബംഗാൾ പോലൊരു സംസ്ഥാനത്ത് വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെ ഇത്തരമൊരു നിയമം നടപ്പാക്കുന്നത് വലിയ തിരിച്ചടികൾക്കു കാരണമാകുമെന്ന് വിമർശനം ഉയരുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടാകുന്ന അതൃപ്തി മുൻകാലങ്ങളിലെന്നതുപോലെ വലിയ കലാപങ്ങളിലേക്ക് നീങ്ങാതിരിക്കാൻ ജാഗ്രത പാലിക്കണം എന്നാണ് മുന്നറിയിപ്പ്.
ബിൽ നടപ്പാക്കാനുള്ള നീക്കത്തിൽ ആദ്യ മുൻകൂർ ജാമ്യം ബിജെപി എടുത്തുകഴിഞ്ഞു. ഗോത്ര വിഭാഗങ്ങളെ ഒപ്പം നിർത്തുന്നതിന്‍റെ ഭാഗമായി അവർക്ക് ഇളവ് അനുവദിച്ചുകൊണ്ടാണ് ബിൽ അവതരിപ്പിക്കുക എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് സമിക് ഭട്ടാചാര്യ പറഞ്ഞത്. ഏകീകൃത സിവിൽ നിയമം ഗോത്രവിഭാഗങ്ങൾക്ക് ഇതോടെ ബാധകമാവില്ലെന്ന് വ്യക്തമായി. ഏകീകൃത സിവിൽ നിയമം അനിവാര്യമാണെന്നും അതു നടപ്പാക്കുക തന്നെ ചെയ്യുമെന്നും ഭട്ടാചാര്യ ആവർത്തിച്ചു. ആർട്ടിക്കിൾ 366 (25), 342 എന്നിവ അനുസരിച്ച് സംരക്ഷണമുള്ള ഗോത്രവിഭാഗങ്ങളാണ് ഏകീകൃത സിവിൽ നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്.ഗോത്രവിഭാഗങ്ങളെ ഉൾപ്പെടുത്തിയാൽ രാഷ്ട്രീയമായ വലിയ തിരിച്ചടിയുണ്ടാകുമെന്ന ഭയമാണ് ഈ നീക്കത്തിനു പിന്നിൽ. കോടതികളിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും കൂടുതലായിരുന്നു.
ബില്ലിനെ ശക്തമായി എതിർക്കാൻ മുൻമുഖ്യമന്ത്രി മമത ബാനർജി അംഗങ്ങൾക്കു നിർദേശം നൽകി കഴിഞ്ഞു. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം വ്യാപിപ്പിക്കാനാണ് നിർദേശം. ഇന്ത്യയുടെ നാനാത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് നീക്കമെന്നാണ് തൃണമൂൽ നിലപാട്. ടിഎംസിയിൽ നിന്ന് വിട്ടുപോയ പ്രതിപക്ഷ നേതാവ് ഋതബൃത ബാനർജിയും ബില്ലിനെതിരേ രംഗത്തുവന്നിട്ടുണ്ട്. അഭയാർത്ഥികളും മതവും പൌരത്വവും വലിയ വിഷയമായ പശ്ചിമബംഗാളിൽ ഈ നീക്കം എന്തൊക്കെ ആഘാതം ഉണ്ടാക്കും എന്ന ആശങ്ക സാമൂഹിക നിരീക്ഷകർക്കുണ്ട്.
