സംസ്ഥാനത്ത് വേനൽമഴ ലഭിച്ചിട്ടും ഉയർന്ന താപനില തുടരുന്നു. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നാണ് പ്രവചനം.
ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ ചൂട് ശക്തമായി അനുഭവപ്പെടും. പാലക്കാട് ഈ മാസം തന്നെ പല ദിവസങ്ങളിലും 40 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തി. കൊല്ലത്തും കോട്ടയത്തും യഥാക്രമം 39, 38 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.
മഹാരാഷ്ട്രയ്ക്ക് മുകളിൽ രൂപപ്പെട്ട ആൻ്റി സൈക്ലോൺ ചൂട് വർധിപ്പിക്കുന്നതായി വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വേനൽമഴയിലെ ഗണ്യമായ കുറവാണ് പ്രധാന കാരണമെന്ന് വിലയിരുത്തൽ.
മാർച്ച് 1 മുതൽ ഏപ്രിൽ 19 വരെ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയിൽ 38 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 95.6 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 59 മില്ലിമീറ്റർ മാത്രം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42 ശതമാനം അധികമഴ ലഭിച്ചിരുന്നു.ഈ സീസണിൽ കോഴിക്കോട് ജില്ലയിൽ മാത്രമാണ് അധികമഴ ലഭിച്ചത്. അതേസമയം അടുത്ത ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
