വയനാട് വൈത്തിരിയിൽ കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ചീരാൽ പഴൂർ സ്വദേശി നാരായണനും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ബസിന്റെ അമിതവേഗവും ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതുമാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.
നാരായണനെ കൂടാതെ ഭാര്യ ഷിജി, മകൻ അമൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. രാവിലെ ഏഴോടെ പഴയ വൈത്തിരിയിലായിരുന്നു അപകടം. കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു നാരായണനും കുടുംബവും. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയും തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി മിന്നൽ ബസുമാണ് കൂട്ടിയിടിച്ചത്. നാരായണൻ സംഭവസ്ഥലത്തും ഷീജയും അമലും മേപ്പാടിയിലെ മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. കെഎസ്ആർടിസി മിന്നൽ ബസിന്റെ അമിതവേഗതയും എതിർഭാഗത്ത് കൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതുമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാകാത്തതാണ് പ്രതിസന്ധി. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
