പരാതിക്കാരനായ ഡോക്ടർ ജോൺസൺ കെ വർഗീസിനെതിരെ ബലാൽസംഗത്തിന് കേസെടുത്ത് പൊലീസ്. മദ്യവും ലഹരിമരുന്നും നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് നടപടി. കേസെടുത്തതിന് പിന്നാലെ ഡോക്ടറെ സ്വകാര്യ ആശുപത്രി പുറത്താക്കി.
ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടറായിരുന്ന ജോൺസൺ കെ വർഗീസിന്റെ പരാതിയിലാണ് നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പിള്ളി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവിനെ ചികിത്സിയ്ക്കാനെന്ന പേരിൽ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി അതുല്യയും കൂട്ടരും ക്രൂരമായി മർദിച്ചുവെന്നായിരുന്നു പരാതി.
സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും കാട്ടി ഭീഷണിപ്പെടുത്തി ആറ് കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഡോക്ടർ പരാതി നൽകി. ഹണിട്രാപ്പെന്ന സംശയത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് കേസിൽ നിർണായക വഴിത്തിരിവ്. ഡോക്ടർക്ക് മർദനമേറ്റത് ശരിയാണ്, എന്നാൽ അതിനിടയാക്കിയത് ഡോക്ടറുടെ കയ്യിലിരിപ്പ് തന്നെയെന്ന് വ്യക്തമാക്കുന്നു യുവതിയുടെ പരാതി. മദ്യവും ലഹരിയും നൽകി പീഡിപ്പിച്ചതിന് പുറമെ സ്വകാര്യ ദൃശ്യങ്ങളും ഡോക്ടർ പകർത്തിയെന്ന് പരാതിയിലുണ്ട്. ഇത് വെച്ച് ഭീഷണിയും തുടർന്നു. ഇൻഫോപാർക്ക് പൊലീസിന് ലഭിച്ച പരാതിയിലാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്.
തന്റെ ബന്ധുവിനെ മദ്യവും ലഹരിമരുന്നു നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു നടിയും സംഘവും ഡോക്ടർ ജോൺസനെ ആക്രമിച്ചത്. നടി അതുല്യ ചന്ദ്രയുടെ കുടുംബ ഡോക്ടർ കൂടിയാണ് ജോൺസൺ കെ. വർഗീസ്. ഈ പരിചയംവെച്ച് ബന്ധുവിനെ ചികിത്സാക്കാനെന്ന പേരിലാണ് ഡോക്ടറെ അതുല്യ പൊന്നുരുന്നിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുന്നത്. നടൻ ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്തായ കേസിലെ രണ്ടാം പ്രതി ബിബിൻ പെരുമ്പിള്ളിയുടെ കസ്റ്റഡിയിലുള്ളതായിരുന്നു ഫ്ലാറ്റ്. നടിയുടെ ജിം ട്രെയിനറുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. അടിയേറ്റ് ഡോക്ടറുടെ കർണ്ണപുടം തകർന്നു. വാരിയെല്ലുകൾക്ക് ക്ഷതമേറ്റു. ഡോക്ടറുടെ ഫോൺ പരിശോധിച്ചപ്പോൾ കൂടുതൽ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളും ലഭിച്ചു. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടാൻ ശ്രമിച്ചത്.
പീഡനത്തിനിരയായ ബന്ധു പരാതി നൽകാൻ തയാറാകാതെ വന്നതോടെയാണ് ഡോക്ടറെ കയ്യേറ്റം ചെയ്തതെന്നാണ് അതുല്യയുടെ മൊഴി. സ്ത്രീകളുടെ ദൃശ്യങ്ങളടങ്ങിയ രണ്ട് മൊബൈൽ ഫോണുകളും അതുല്യയും കൂട്ടരും പിടിച്ചെടുത്തു. തനിക്കെതിരെ ബലാത്സംഗ പരാതി വരാനിടെയുണ്ടെന്ന് മനസിലാക്കിയാണ് ഡോക്ടർ മുൻകൂട്ടി പരാതി നൽകി കേസാക്കിയതെന്നാണ് സൂചന. ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകാതെ നിയമം കയ്യിലെടുക്കുകയായിരുന്നു അതുല്യയും കൂട്ടരും. സിസ്റ്റത്തിൽ വിശ്വാസമില്ല എന്നായിരുന്നു പൊലീസിനോട് അതുല്യയുടെ മൊഴി. ജിം ട്രെയിനറടക്കം ഒൻപത് പേർ ഒളിവിലാണ്. അതുല്യയും കൂട്ടുപ്രതികളും ജാമ്യം തേടി കോടതിയെ സമീപിച്ചു. കേസിൽ പ്രതിയായ ഡോക്ടർ ജോൺസൺ കെ വർഗീസിനെ ആസ്റ്റർ മെഡിസിറ്റി പുറത്താക്കി. ഡോക്ടർക്കെതിരെ കൂടുതൽ പരാതികൾ വരുമെന്നാണ് സൂചന. ഡോക്ടറുടെ അറസ്റ്റും വൈകാതെയുണ്ടാകും.
