യോഗങ്ങൾ ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ തെറ്റ് തിരുത്തൽ ആഴത്തിൽ പരിശോധിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചു.
കേന്ദ്ര നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നടന്ന സിപിഐഎം വിപുലീകരണ സംസ്ഥാന സമിതി ഗുണം ചെയ്തിരുന്നു. എന്നാൽ ജില്ലാ സമിതികൾക്ക് ആ നേട്ടമുണ്ടാക്കാനായില്ല എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ചുമതല ഏൽപ്പിച്ച സംസ്ഥാന നേതാക്കൾക്ക് ജില്ലാ കമ്മിറ്റികളിൽ വേണ്ട വിധത്തിൽ ഇടപെടാൻ കഴിഞ്ഞില്ല. ആഴത്തിലുള്ള ചർച്ചകളും വിമർശനങ്ങളും വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ ഉണ്ടായില്ല. പരാജയത്തിനുശേഷം നടന്ന അവലോകന യോഗങ്ങളിൽ നല്ല ചർച്ചയും വിമർശനവും ഉണ്ടായി. എന്നാൽ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ ആത്മ പരിശോധന നടത്തിയില്ല. റിപ്പോർട്ട് അവതരണവും കമ്മിറ്റികളുടെ കൂട്ടിച്ചേർക്കലും ചടങ്ങ് തീർത്തത് പോലെ നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും ചുമതലയുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും ഇതിൽ ഒരുപോലെ ഉത്തരവാദിത്വം ഉണ്ടെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. തുടർന്നുള്ള തെറ്റ് തിരുത്തൽ പ്രക്രിയയിൽ സിപിഐഎം നേതൃത്വം തുടർച്ചയായി പരിശോധന നടത്തും. സംസ്ഥാന നേതൃത്വത്തിനു മുകളിൽ തിരുത്തൽ ശക്തിയായി പ്രവർത്തിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
