പോലീസിന്റെ മിന്നൽ പരിശോധനയിൽ കടവന്ത്രയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തി. അബ്കാരി വകുപ്പ് പ്രകാരം ബാർ നടത്തിപ്പുകാർക്കെതിരെ കേസെടുത്തു. കടുത്ത നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം. ലിജു ബിഗ് ടിവിയോട് പറഞ്ഞു.
ലൈസൻസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചിരുന്ന റാഡിസൺ ബ്ലൂ ഹോട്ടലിലെ ലുമോ നോക്സ് പബിലായിരുന്നു പുലരും വരെ പോലീസിൻ്റെ പരിശോധന. തുടർച്ചയായി പുലർച്ചെ വരെ ഡിജെ നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ ഡിജെയ്ക്കെത്തിയവരെന്ന് വ്യാജെന്ന് പോലീസുകാർ പബിൽ കയറി. വിവിധ വേഷങ്ങളിൽ ഡിജെയിൽ പങ്കെടുക്കാനെത്തിയവർക്കിടയിൽ മഫ്തിയിലുണ്ടായിരുന്നത് പത്തിലേറെ പോലീസുകാർ. പതിനൊന്ന് മണിക്ക് ഡിജെ അവസാനിപ്പിക്കണമെന്ന് കമ്മിഷണർ ഉത്തരവിറക്കിയിരുന്നു. ഇത് ലംഘിച്ചു അർധരാത്രി കഴിഞ്ഞു ഡിജെ തുടർന്നു. ഇതോടെ നർക്കോട്ടിക്സ് എസിപി അനന്തലാലിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി. പോലീസ് എത്തിയിട്ടും ഡിജെ അവസാനിപ്പിക്കാൻ പബ് നടത്തിപ്പുകാർ തയാറായില്ല. പരസ്യം നൽകി ആളുകളെ ആകർഷിച്ച് മദ്യവിൽപ്പന,സമയ ക്രമം പാലിക്കാതെയുള്ള DJ പാർട്ടി, തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തി. അബ്കാരി ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രിയും വ്യക്തമാക്കി. ഇതാദ്യമായല്ല റാഡിസൺ ബ്ല്യൂ ഹോട്ടലിലെ നിയമലംഘനം. പലതവണ കേസെടുത്തിട്ടും നിയമലംഘനങ്ങൾ നിർബാധം തുടരുകയാണ്. സമാനമായി പ്രവർത്തിക്കുന്ന നഗരത്തിലെ മറ്റ് ബാറുകളിലും പബുകളിലും പരിശോധനയും നടപടിയും കർശനമാക്കാനാണ് നിർദ്ദേശം.
