കോഴിക്കോട് ഒളവണ്ണയിൽ മദ്യപസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു.
ഒഡുമ്പ്ര സ്വദേശി ബൈഗേഷാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ സുഹൃത്ത് മനേഷിനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു.
ഒളവണ്ണ ഒഡുമ്പ്ര പാലത്തിനു സമീപം പ്രധാന റോഡിനോടു ചേർന്നുള്ള വർക്ക് ഷോപ്പിലാണ് സംഭവം. ജോലി കഴിഞ്ഞെത്തിയ ബൈഗേഷും സുഹൃത്തുക്കളും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. ഇതിനിടെ കൂടെയുണ്ടായിരുന്ന മനേഷ് കത്തിയെടുത്ത് ബൈഗേഷിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബൈഗേഷിന്റെ നെഞ്ചിലും കുത്തേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നാലെ പ്രതി മനേഷിനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. മനേഷ് നേരത്തെയും കേസുകളിൽ പ്രതിയായിട്ടുണ്ടെന്നാണ് വിവരം. മരിച്ച ബൈഗേഷും അറസ്റ്റിലായ മനേഷും മേസ്തിരിപ്പണിക്കാരാണ്. ഒരാഴ്ച മുമ്പും ഇരുവരും മദ്യപിച്ച് പരസ്പരം അടിപിടിയുണ്ടാക്കിയിരുന്നു. ഈ സംഭവത്തിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒഡുമ്പ്ര മേഖലയിൽ രാത്രികാലങ്ങളിൽ മദ്യപസംഘങ്ങളുടെ ശല്യം പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം. പൊതുസ്ഥലങ്ങളിലെ മദ്യപാനവും സംഘർഷങ്ങളും പ്രദേശവാസികൾക്ക് ആശങ്കയാകുന്നു.
