ലൈസൻസില്ലാതെ കാറും ബൈക്കുമോടിച്ച് 16 കാരന്റെ അഭ്യാസ പ്രകടനവും റീൽസ് ചിത്രീകരണവും. പത്തനംതിട്ട അടൂരിലാണ് സംഭവം. പോലീസിന്റെ നിരീക്ഷണത്തിനൊടുവിൽ കൗമാരക്കാരനും സുഹൃത്തുക്കളും പിടിയിൽ. രക്ഷകർത്താവിനെതിരെയും വാഹനങ്ങൾ കൈമാറിയവർക്കെതിരെയും പോലീസ് കേസ് എടുത്തു.
തിരക്കേറിയ സമയത്ത് പോലും പ്രായപൂർത്തിയാകാത്ത യുവാവും കൂട്ടരും ആൾട്ടോ കാറിലും പൾസർ ബൈക്കിലുമായി നഗര പ്രദേശങ്ങളിലടക്കം അമിതവേഗതയിൽ യാത്ര ചെയ്യുകയും അഭ്യാസപ്രകടനങ്ങൾ നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. അഭ്യാസ പ്രകടനം റീൽസുകളാക്കി യുവാക്കൾ സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചിരുന്നു. തുടർച്ചയായി രണ്ടുദിവസം അടൂരിലും പരിസരങ്ങളിലും പരിശോധന ശക്തമാക്കിയ അടൂർ ട്രാഫിക് പോലീസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പറക്കോട്–ഏഴംകുളം ഭാഗത്ത് നിന്ന് ഇവരെ പിടികൂടി.
16 കാരന്റെ അമ്മ എഴംകുളം നെടുമൺ പാലമൂട്ടിൽ രജീന നൗഷാദ്, കൊല്ലം പാതിരിക്കൽ സ്വദേശി രവീന്ദ്രൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കാറ് രജീനയുടെ പേരിലും ബൈക്ക് രവീന്ദ്രന്റെ പേരിലുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ബൈക്ക് താൻ കുറച്ചുനാൾ മുമ്പ് വിറ്റതാണന്ന് രവീന്ദ്രൻ പോലീസിനോട് പറഞ്ഞു. കസ്റ്റഡിയിൽ എടുക്കുന്ന സമയം 16 കാരനൊപ്പം കാറിൽ ഉണ്ടായിരുന്നവരും പ്രായപൂർത്തിയാകാത്തവരാന്നെന്ന് പോലീസ് പറഞ്ഞു. കൗമാരക്കാർ വാഹനം ഓടിക്കുന്ന സംഭവത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
