SMA മരുന്ന് വിവാദത്തിൽ നോഡൽ ഓഫീസർ ആയിരുന്ന ഡോ.യു ആർ രാഹുലിനെതിരേ കൂടുതൽ തെളിവുകൾ പുറത്ത്. നാറ്റ്ക്കോയുടെ മരുന്നു വാങ്ങാൻ 2026 മെയ് എട്ടിന് ചേർന്ന ടെക്നിക്കൽ കമ്മിറ്റി തീരുമാനമെടുത്തു എന്ന് കള്ളം പറഞ്ഞ രാഹുൽ ഇക്കാര്യം വ്യകതമാക്കി അഡീഷണൽ ചീഫ് സെക്രട്ടറിക്കു കത്തും നൽകി. വാർത്ത പുറത്തുവന്നതിന് പിന്നാലെ മിനിറ്റ്സിൽ ഇക്കാര്യം എഴുതിച്ചേർക്കാനാകുമോ എന്ന് ആരാഞ്ഞ് ഡോ രാഹുൽ ആരോഗ്യ വകുപ്പിനെ സമീപിച്ചു.
ചൈൽഡ് ഹെൽത്ത് വിഭാഗം നോഡൽ ഓഫീസർ ആയിരുന്ന ഡോ. യു ആർ രാഹുൽ കൂടി ഉൾപ്പെട്ട ടെക്നിക്കൽ കമ്മിറ്റി SMA രോഗ ചികിത്സയ്ക്ക് നാറ്റ്കോയുടെ ജനറിക് മരുന്ന് വാങ്ങാമെന്ന ശുപാർശ നൽകിയത് 12.2.2026ൽ. അതിനുശേഷം മെയ് എട്ടാം തീയതി ചേർന്ന ടെക്നിക്കൽ കമ്മിറ്റി യോഗത്തിൽ ജനറിക് മരുന്നുമായി ബന്ധപ്പെട്ട കാര്യം അജണ്ടയിലോ മിനിറ്റ്സിലോ വന്നിട്ടില്ല. എന്നിട്ടും ഡോ. യു ആർ രാഹുൽ കള്ളം പറഞ്ഞു. മെയ് മാസം എട്ടാം തീയതി ചേർന്ന ടെക്നിക്കൽ കമ്മിറ്റി യോഗത്തിൽ ആണ് ജനറിക് മരുന്നു വാങ്ങാൻ തീരുമാനമെടുത്തതെന്ന കള്ളം നിരത്തിയ രേഖ ഒപ്പിട്ട് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു. വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ രാഹുലിന്റെ ഇടപെടൽ വീണ്ടും ഉണ്ടായി. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിൽ വിളിച്ച് എട്ടാം തീയതിയിലെ മിനിറ്റ്സിൽ ഇക്കാര്യം കൂടി എഴുതി ചേർക്കാമോ എന്ന് രാഹുൽ ചോദിച്ചു. ഇതോടെ മിനിറ്റിൽ ഒരു മാറ്റവും വരുത്താൻ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. കൂടുതൽ രോഗികൾക്ക് നൽകാൻ കഴിയുന്ന വിധത്തിൽ വിലക്കുറവിൽ ജനറിക് മരുന്നു വാങ്ങുന്നതിന് ആരും എതിർക്കുന്നില്ല. എന്നാൽ ഇടപാടുകളിലെ സുതാര്യതക്കുറവ് ഡോ. യു ആർ രാഹുലിൽ നിന്ന് ഇടത് സർക്കാർ കാലത്തും ഉണ്ടായി. ഇതിന് കൂടി അന്വേഷണം വേണമെന്നുള്ള ആവശ്യവും ഇപ്പോൾ ഉയരുകയാണ്. ഇടതു വിദ്യാർഥി സംഘടന നേതാവായിരുന്ന ഡോ. യു ആർ രാഹുലിനെ വീണ ജോർജ് ആരോഗ്യമന്ത്രിയായിരിക്കെയാണ് ചൈൽഡ് ഹെൽത്ത് വിഭാഗം നോഡൽ ഓഫീസറായി നിയമിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഇദ്ദേഹത്തെ മാറ്റി പുതിയ നോഡൽ ഓഫീസറെ നിയമിക്കുകയും ചെയ്തു.
