കൊല്ലം ചിന്നക്കടയിൽ മെഡിക്കൽ സ്റ്റോറിന് തീപിടിച്ച സംഭവത്തിൽ നാടകീയ വഴിത്തിരിവ്. ജീവനക്കാരനായ ഷെമീർ പിടിയിൽ. ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിൻ്റെ ഭാഗമായിരുന്നു തീപിടുത്തമെന്ന നിഗമനത്തിൽ പോലീസ്. ഉടമയായ സ്ത്രീയ്ക്കായി അന്വേഷണം തുടരുന്നു.
ഓഗസ്റ്റ് 16-ന് അർധരാത്രിയോടെയാണ് ചിന്നക്കട എക്സൈസ് ഓഫീസിന് എതിർവശമുള്ള നന്മ മെഡിക്കൽ സ്റ്റോറിൽ തീപ്പിടിത്തമുണ്ടായത്. ഇതിനു പിന്നാലെ 77 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കാണിച്ച് ഉടമ കൊല്ലം ഈസ്റ്റ് പോലീസിനു പരാതി നൽകി. മൊഴിയെടുക്കാൻ വിളിപ്പിച്ചപ്പോൾ ഒന്നിലേറെ ആളുകൾക്കൊപ്പമാണ് ജീവനക്കാരനായ ഷെമീർ വന്നിരുന്നത്. അന്വേഷണത്തിനിടെ സംശയം തോന്നിയ ഹുസൈൻ എന്ന ഉദ്യോഗസ്ഥൻ ഷെമീറിനെ ഒറ്റയ്ക്കുവിളിച്ച് ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്. ഷെമീർ താൻ ചെയ്ത കുറ്റം പോലീസിനോട് ഏറ്റുപറയുകയായിരുന്നു.
ജനറേറ്ററിൽനിന്ന് പെട്രോൾ ശേഖരിച്ച് തീയിടുകയായിരുന്നെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ടെന്നാണ് കിട്ടിയ വിവരം. ഷെമീറിൻ്റെ മൊഴിപ്രകാരം, സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. മെഡിക്കൽ സ്റ്റോർ ഉടമ ബന്ധുവിന്റെ ഫോണിൽ നിന്ന്, തീപ്പിടിത്തം ഉണ്ടാകുന്നതിനു തൊട്ടുമുൻപ് ഷെമീറിനെ വിളിച്ചിരുന്നതായും പോലീസ് കണ്ടെത്തി. സംഭവത്തിൽ ഉടമയടക്കം കൂടുതൽപേർക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. ഇൻഷുറൻസ് തുക തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തതെന്നാണ് പോലീസ് നിഗമനം. അറസ്റ്റിലായ ഷെമീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.
