കൊച്ചി: സൈബർ തട്ടിപ്പിലൂടെ അക്കൗണ്ടിൽനിന്ന് നഷ്ടമായ 3.73 ലക്ഷം രൂപ ഉപഭോക്താവിന് തിരികെ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്‌ബിഐ) കേരള ഹൈക്കോടതിയുടെ നിർദേശം. തട്ടിപ്പ് നടന്ന വിവരം അതേദിവസം തന്നെ ബാങ്കിനെയും പൊലീസിനെയും അറിയിച്ചിട്ടും പണം തിരികെ നൽകാത്ത ബാങ്കിന്റെ നടപടിക്കെതിരെയാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. നാലാഴ്ചയ്ക്കകം തുക തിരികെ നൽകാനാണ് നിർദേശം.
തട്ടിപ്പിൽ ഉപഭോക്താവിന് പങ്കുണ്ടെന്ന് ബാങ്കിന് തെളിയിക്കാനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തട്ടിപ്പ് നടന്ന വിവരം ഉടൻ അറിയിച്ച സാഹചര്യത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) സർക്കുലർ പ്രകാരം ഉപഭോക്താവിന് സാമ്പത്തിക ബാധ്യതയില്ലെന്ന് കണ്ടെത്തിയ കോടതി, ബാങ്കിങ് ഓംബുഡ്‌സ്മാന്റെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
എസ്‌ബിഐയുടെ അക്കൗണ്ട് ഉടമയായ ഹർജിക്കാരിക്ക് ബാങ്കിന്റെ എടിഎം കാർഡുമുണ്ടായിരുന്നു. ചിപ്പ് ഇല്ലാത്ത ഡെബിറ്റ് കാർഡുകൾ 2019 ഏപ്രിൽ 29 മുതൽ ബ്ലോക്ക് ചെയ്യുമെന്ന വിവരം ലഭിച്ചതിനു പിന്നാലെ, കാർഡ് ഓൺലൈനായി വീണ്ടും സജീവമാക്കാമെന്ന സന്ദേശം ലഭിച്ചു. തുടർന്ന് ഇതേ നമ്പറിൽനിന്ന് വിളിച്ചയാൾ കാർഡ് പുനഃസജീവമാക്കാൻ സഹായം ആവശ്യമാണെന്ന് അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് സെക്യുർ ആപ്പ് രജിസ്റ്റർ ചെയ്യാനെന്ന പേരിൽ ആവശ്യപ്പെട്ട ഒടിപി ഹർജിക്കാരി കൈമാറി.
തൊട്ടുപിന്നാലെ അക്കൗണ്ടിൽനിന്ന് 3.75 ലക്ഷം രൂപ പിൻവലിക്കപ്പെട്ടു. ഉടൻതന്നെ ബാങ്കിന്റെ കസ്റ്റമർ കെയറിൽ വിവരമറിയിച്ചതോടെ ഇന്റർനെറ്റ് ബാങ്കിങ് സേവനം ബ്ലോക്ക് ചെയ്തു. ബ്രാഞ്ച് മാനേജർക്കും പരാതി നൽകിയ ഹർജിക്കാരി പൊലീസിനെയും സമീപിച്ചു. അന്വേഷണത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ സന്ദീപ് ബൗറിയാണ് പണം തട്ടിയെടുത്തതെന്ന് കണ്ടെത്തി.
എന്നാൽ, നഷ്ടപ്പെട്ട പണം ബാങ്ക് തിരികെ നൽകിയില്ല. തുടർന്ന് ബാങ്കിങ് ഓംബുഡ്‌സ്മാനെ സമീപിച്ചെങ്കിലും തട്ടിപ്പിൽ ഹർജിക്കാരിക്കും പങ്കുണ്ടെന്ന വിലയിരുത്തലിൽ പരാതി തള്ളി. ഇതോടെയാണ് ഓംബുഡ്‌സ്മാന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
ആർബിഐയുടെ മാസ്റ്റർ സർക്കുലർ പ്രകാരം, ഉപഭോക്താവിന്റെ ഭാഗത്തുനിന്ന് വീഴ്ചയില്ലാത്തതും മൂന്നാംകക്ഷിയുടെ ഇടപെടലിലൂടെ അനധികൃത ഇടപാട് നടന്നതുമായ സാഹചര്യത്തിൽ, നിശ്ചിത സമയപരിധിക്കുള്ളിൽ ബാങ്കിനെ അറിയിച്ചാൽ ഉപഭോക്താവിന് സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. ബാങ്കിൽനിന്ന് അനധികൃത ഇടപാടിനെക്കുറിച്ചുള്ള അറിയിപ്പ് ലഭിച്ച് മൂന്ന് പ്രവൃത്തിദിവസത്തിനുള്ളിൽ വിവരം അറിയിച്ചാൽ ബാധ്യത പൂജ്യമാകുമെന്ന സർക്കുലറിലെ വ്യവസ്ഥയും ഹർജിക്കാരി ചൂണ്ടിക്കാട്ടി.
എന്നാൽ, ഒടിപി ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ ഉപഭോക്താവ് കൈമാറിയതിനാൽ, ഉപഭോക്താവിന്റെ അശ്രദ്ധ മൂലമുള്ള നഷ്ടവുമായി ബന്ധപ്പെട്ട സർക്കുലറിലെ വ്യവസ്ഥയാണ് ബാധകമെന്നായിരുന്നു ബാങ്കിന്റെ വാദം.
സമാനമായ സൈബർ തട്ടിപ്പിൽ ഉപഭോക്താവിന് പണം തിരികെ നൽകാൻ ബാങ്കിനോട് നിർദേശിച്ച 2024-ലെ ഗുവാഹത്തി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയും കേരള ഹൈക്കോടതി പരിഗണിച്ചു. ഈ വിധിക്കെതിരായ പ്രത്യേകാനുമതി ഹർജി 2025 ജനുവരി മൂന്നിന് സുപ്രീംകോടതി തള്ളിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി.
സ്റ്റേറ്റ് ബാങ്ക് സെക്യുർ ആപ്പിന്റെ പ്രവർത്തനരീതിയെക്കുറിച്ചും ഒടിപി ഉപയോഗിച്ച് പണം തട്ടിയെടുത്ത രീതിയെക്കുറിച്ചുമുള്ള ഹർജിക്കാരിയുടെ വാദങ്ങൾ ബാങ്ക് നിഷേധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തട്ടിപ്പ് നടന്ന ദിവസംതന്നെ പരാതി നൽകിയിട്ടും പണം തിരികെ നൽകാൻ ബാങ്ക് നടപടിയെടുത്തില്ല. പൊലീസ് തട്ടിപ്പുകാരനെ തിരിച്ചറിഞ്ഞ ശേഷവും ബാങ്ക് തുടർനടപടികൾ സ്വീകരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹർജിക്കാരിക്ക് തട്ടിപ്പിൽ പങ്കില്ലെന്നത് പൊലീസ് റിപ്പോർട്ടിൽനിന്നും വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ, ആർബിഐ സർക്കുലറിലെ ആറാം ഖണ്ഡിക (ii) പ്രകാരം ഹർജിക്കാരിക്ക് സാമ്പത്തിക ബാധ്യതയില്ലെന്നും ഗുവാഹത്തി ഹൈക്കോടതി വിധി ഈ കേസിനും ബാധകമാണെന്നും കോടതി വ്യക്തമാക്കി.
തുടർന്ന് ബാങ്കിങ് ഓംബുഡ്‌സ്മാന്റെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, ഹർജിക്കാരിക്കുണ്ടായ നഷ്ടമായ 3.73 ലക്ഷം രൂപ നാലാഴ്ചയ്ക്കകം തിരികെ നൽകാൻ എസ്‌ബിഐയോട് നിർദേശിച്ചു.
