തലസ്ഥാനത്തെ സ്പായിലെ പീഡനത്തിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്.
ചെന്നൈയിൽ വച്ചും ക്രൂര ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. മാതൃ സഹോദരിക്കും ഭർത്താവിനും എതിരെ രണ്ടാമത്തെ കേസെടുത്ത് പോലീസ്. ആന്ധ്രയിൽ നിന്ന് പിടികൂടിയ പ്രതികളെ കേരളത്തിൽ എത്തിച്ചു.കേസ് അന്വേഷിക്കാൻ ഒൻപത് അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.
പോലീസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി കുട്ടി പഠിച്ച ആന്ധ്രപ്രദേശിലെ സ്കൂളുമായി ബന്ധപ്പെട്ടപ്പോഴാണ് സ്കൂൾ രേഖകൾ പ്രകാരം കുട്ടിക്ക് 14 വയസ്സാണെന്ന് കണ്ടെത്തിയത്. പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് കേരളത്തിനു പുറമേ തമിഴ്നാട്ടിലും കൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന മൊഴി പുറത്ത് വന്നത്. ചെന്നൈ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള സ്പാകളിലും ഹോം സ്റ്റേകളിലും കൊണ്ടുപോയി ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി. വിസമ്മതിച്ചപ്പോൾ ദേഹമാസകലം മുറിവേൽപ്പിക്കുകയും ശരീരത്ത് പൊള്ളലേൽപ്പിക്കുകയും ചെയ്തു.വേദന സഹിക്കാൻ വയ്യാതെയാണ് പലതും സമ്മതിക്കേണ്ടി വന്നതെന്ന് പെൺകുട്ടി തുറന്നു പറഞ്ഞു.
കോവളം പോലീസ് രണ്ടാമത്തെ എഫ്ഐആറും രജിസ്റ്റർ ചെയ്തു. സീറോ എഫ്ഐആർ കേസ് ചെന്നൈ പോലീസിന് കൈമാറി.പ്രധാന പ്രതികളായ മാതൃ സഹോദരിയെയും ഭർത്താവിനെയും ആന്ധ്രയിലെ ശ്രീ സത്യസായി ജില്ലയിലെ കോറില്ല പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നാണ് പോലീസ് സഹാസികമായി പിടികൂടിയത്.നാട്ടുകാർ ഉൾപ്പെടെയുള്ള സംഘം പിടികൂടുന്നതിനിടയിൽ പോലീസിനെ വളഞ്ഞു ആക്രമിക്കാൻ ശ്രമിച്ചിരുന്നു.രണ്ടു മണിക്കൂറോളം സ്ഥലത്ത് പ്രതികളുടെയും നാട്ടുകാരുടെയും പ്രതിരോധം ഉണ്ടായി. കോവളം എസ് ഐ ഷിജു ഉൾപ്പെടെയുള്ള 4 അംഗ സംഘം പ്രതിരോധം പൊട്ടിച്ചാണ് പ്രതികളെ കേരളത്തിലേക്ക് എത്തിച്ചത്.
രണ്ട് കേസുകളിലും ഒന്നാം പ്രതി അമ്മയുടെ സഹോദരിയാണ്. അന്വേഷണത്തിനായി ഒൻപത് അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
