മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. സ്കൂബാ ടീമിന്റെ ആദ്യഘട്ട തിരച്ചിൽ ഒരു മണിക്കൂറോളം നീണ്ടു. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും പൊഴി മേഖലയിൽ പരിശോധന തുടരുകയാണ്.
രാവിലെ ആറരയോടെയാണ് ഷിജിനായുള്ള തിരച്ചിൽ ആരംഭിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായാണ് ആദ്യഘട്ട പരിശോധന നടത്തിയത്. എട്ട് മണിയോടെ സ്കൂബാ സംഘവും തിരച്ചിലിൽ ചേർന്നു. പുലിമുട്ടും പാറക്കൂട്ടങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ഷിജിനെ കാണാതായിട്ട് പത്താം ദിവസവും പ്രതീക്ഷ കൈവിടാതെ ബന്ധുക്കൾ കരയിൽ കാത്തിരിക്കുകയാണ്. ശക്തമായ തിരയും കലങ്ങിയ വെള്ളവും കടലിനോട് ചേർന്ന പൊഴി ഭാഗത്തെ തിരച്ചിലിന് പ്രതിസന്ധിയാണെന്ന് ഡൈവർമാർ പറഞ്ഞു.സ്കൂബയുടെ അടുത്ത സംഘം വീണ്ടും തിരച്ചിലിന് ഇറങ്ങും. അതേസമയം, വിഴിഞ്ഞത്ത് കാണാതായ ജോണിക്കായുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. വിഴിഞ്ഞം, കന്യാകുമാരി മേഖലകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ പരിശോധന.
