സംസ്ഥാനത്ത് വീണ്ടും കാട്ടാന ഭീതി. പാലക്കാട് കൊട്ടേക്കാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു.ഇന്ന് പുലർച്ചെയായിരുന്നു പാലക്കാട് കൊട്ടേക്കാട് കൃഷിയിടത്തിലേക്ക് കാട്ടാനയിറങ്ങിയത്. വാഴ, തെങ്ങ്, നെൽപ്പാടങ്ങൾ എന്നിവ വ്യാപകമായി നശിപ്പിച്ചാണ് ആന മടങ്ങിയത്. മേഖലയിൽ കാട്ടാന ശല്യം പതിവായതിനാൽ ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, നീലഗിരി ഗൂഡല്ലൂരിന് സമീപം കാട്ടാനയുടെ മുന്നിൽപ്പെട്ട മതപുരോഹിതൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പാടന്തറ കെണിയംവയൽ ജുമാ മസ്ജിദിലെ ഉസ്താദ് നൗഫൽ നിസാമിയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.നീലഗിരി ഗൂഡല്ലൂരിന് സമീപം പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽ നിന്ന് ഇരുചക്ര വാഹനത്തിൽ മസ്ജിദിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
വയനാട് നീർവാരത്ത് പശുക്കിടാവിനെ വന്യജീവി കൊന്ന സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ശക്തമാക്കി. സംഭവസ്ഥലത്ത് മൂന്ന് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കുന്നത്തൊടി സുനിലിന്റെ പശുക്കിടാവിനെയാണ് ഇന്നലെ വന്യജീവി ആക്രമിച്ച് കൊന്നത്. ആക്രമണം നടത്തിയത് പുലിയാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്
