കേരള ബാങ്ക് കഴിഞ്ഞ ആറു വർഷത്തിനിടെ ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായി കേരള ബാങ്ക് പ്രസിഡന്റ് മോഹനൻ മാസ്റ്റർ. 2019ന് ശേഷം 27,500 കോടി രൂപയുടെ ബിസിനസ് വർധനവ് കൈവരിച്ചെന്നും ബാങ്ക് വലിയ ലാഭത്തിലാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആരംഭത്തിൽ 59 വായ്പാ പദ്ധതികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 81 ആയി വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. കർഷകർ, പ്രവാസികൾ, വിദ്യാർഥികൾ, സംരംഭകർ എന്നിവരെ സഹകരണ ബാങ്കിങ് മേഖലയിലേക്ക് കൂടുതൽ ആകർഷിക്കാൻ പുതിയ പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിസിനസ് അടിസ്ഥാനത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനത്താണ് കേരള ബാങ്കെന്നും, എന്നാൽ ജീവനക്കാരുടെ കുറവ് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നുണ്ടെന്നും മോഹനൻ മാസ്റ്റർ പറഞ്ഞു. ഒഴിവുകൾ പി.എസ്.സി. മുഖേന നികത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ മാറിയ സാഹചര്യത്തിൽ ബാങ്കിന്റെ ഭരണസമിതിയിൽ മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിന്, അത്തരമൊരു ആശങ്കയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം, വിദ്യാർഥികൾക്ക് ലാപ്ടോപ്പ് ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ വാങ്ങാൻ കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്ന ജെൻസി ടച്ച് പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്നും കേരള ബാങ്ക് അറിയിച്ചു.
