പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിൽ വാണിജ്യക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ അമേരിക്ക ഇറാനിലെ സൈനിക-അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് വ്യാപക വ്യോമാക്രമണം നടത്തി. 80-ലധികം കേന്ദ്രങ്ങൾ ആക്രമിച്ചതായി അമേരിക്കൻ സൈന്യം അറിയിച്ചു.അമേരിക്കൻ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈനിക നടപടികൾക്ക് പിന്തുണ നൽകുന്ന ഏതൊരു ഗൾഫ് രാജ്യവും നിയമാനുസൃത സൈനിക ലക്ഷ്യമാകുമെന്ന് ഇറാൻ സൈനിക നേതൃത്വം പ്രഖ്യാപിച്ചു.
തുടർന്ന് ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ചില ആക്രമണങ്ങൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ബന്ധപ്പെട്ട രാജ്യങ്ങൾ അറിയിച്ചു.നേരത്തെ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ ധാരണ തകർന്നതോടെയാണ് പുതിയ ആക്രമണങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകിയപ്പോൾ, ചർച്ചകൾക്ക് തയ്യാറാണെങ്കിലും ആക്രമണങ്ങൾക്ക് ശക്തമായി മറുപടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കി.
പുതിയ ഏറ്റുമുട്ടലുകൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള എണ്ണക്കയറ്റുമതിയെയും ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യത്തെയും വീണ്ടും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമായിരിക്കുകയാണ്.
