കോഴിക്കോട് പന്തീരാങ്കാവ് ഫാഷൻ ജ്വല്ലറിയിൽ നിന്നും സ്വർണവളകൾ കവർന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളും പൊലീസ് പിടിയിൽ. കൊണ്ടോട്ടി പൊലീസും പന്തീരാങ്കാവ് പൊലീസും സംയുക്തമായാണ് ഇരുവരെയും പിടികൂടിയത്. പെരുമണ്ണ പാറമ്മൽ സ്വദേശി സിനാനാണ് പ്രധാന പ്രതി. കേസിലെ രണ്ടാമത്തെ പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്വർണവളകൾ വാങ്ങാനെന്ന വ്യാജേന മാസ്ക് ധരിച്ച് യുവാവ് ജ്വല്ലറിയിൽ എത്തി. തുടർന്ന് വിവിധ മോഡലുകളിൽ വളകൾ കാണിക്കാൻ ആവശ്യപ്പെട്ടു. ഇയാൾ തെരഞ്ഞെടുത്ത വളയുടെ തൂക്കം പരിശോധിക്കാൻ ജീവനക്കാരൻ തിരിഞ്ഞ സമയത്ത് കയ്യിൽ കിട്ടിയ നാല് വളകളുമായി പ്രതി അതിവേഗത്തിൽ പുറത്തേക്ക് ഇറങ്ങി ഓടി.തുടർന്ന് റോഡരികിൽ നിർത്തിയിരുന്ന സ്കൂട്ടറിന്റെ പിറകിൽ കയറി രക്ഷപ്പെട്ടു. ഒളവണ്ണ ബോട്ടാണിക്കൽ ഗാർഡൻ ഭാഗത്തേക്കാണ് വാഹനം പോയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
കോഴിക്കോട് പന്തീരാങ്കാവ് ഫാഷൻ ജ്വല്ലറിയിൽ നിന്ന് സ്വർണവളകൾ കവർന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളും പിടിയിൽ
