ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ തെളിവ് നശിപ്പിക്കുന്നതിനായി പ്രതി ഫോൺ റീസെറ്റ് ചെയ്തതായി ഫോറൻസിക് റിപ്പോർട്ട്. കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തപ്പോഴാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ച ഫോൺ റീസെറ്റ് ചെയ്തതായി സമ്മതിച്ചത്. ജില്ലാ ഫോറൻസിക് ലാബിലെ പ്രാഥമിക പരിശോധനാ ഫലവും ഇത് ശരിവെക്കുന്നു.
ഫോണിലെ വിവരങ്ങൾ പൂർണമായി വീണ്ടെടുക്കുന്നതിനായി കോടതിയുടെ അനുമതിയോടെ ഫോൺ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫോറൻസിക് ലാബിലേക്ക് അയക്കും. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ജിതിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. കേസിൽ കൂടുതൽ ആളുകളെ പ്രതിചേർക്കുന്നതുമായി ബന്ധപ്പെട്ട് എസ്ഐടി വൈകാതെ വ്യക്തത വരുത്തും. സ്റ്റേറ്റ് ഫോറൻസിക് ലാബിലെ ശാസ്ത്രീയ പരിശോധനാഫലം കൂടി പുറത്തുവരുന്നതോടെ വ്യാജ സ്ക്രീൻഷോട്ടിന്റെ യഥാർഥ ഉറവിടം കണ്ടെത്താനാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം.
അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ജിതിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ആരോപിച്ച് സിപിഐഎം വടകര എസ്പി ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. പോലീസ് വേട്ടയാടലിലൂടെ പാർട്ടിയെ അടിച്ചമർത്താനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു.
