ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ പുതിയ കേസെടുക്കാൻ പ്രത്യേക അന്വേഷണസംഘം ഒരുങ്ങുന്നു. 2025ലെ ദ്വാരപാലക ശിൽപങ്ങളും കട്ടിളപ്പാളികളും സ്വർണം പൂശാനായി വിട്ടുകൊടുത്ത സംഭവത്തിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അടക്കമുള്ള ഇടത് ഭരണസമിതിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി മറികടന്നാണ് സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും ഇതിൽ ഒമ്പത് പേർക്ക് പങ്കുണ്ടെന്നും എസ്ഐടി കണ്ടെത്തി.
ഇടത് ഭരണസമിതിയുടെ പൂർണമായ അറിവോടെയും ഗൂഢാലോചനയോടെയുമാണ് ഈ ഇടപാടുകൾ നടന്നതെന്ന തെളിവുകൾ ലഭിച്ചതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് എസ്ഐടി കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസിലേക്ക് അന്വേഷണസംഘം കടക്കുന്നത്.
മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്, മുൻ ബോർഡ് അംഗം അജി കുമാർ, ശബരിമല തന്ത്രി കണ്ഠരര് രാജീവരര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, സെക്രട്ടറി ബിന്ദു, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവർക്കൊപ്പം നിലവിലെ ബോർഡ് അംഗമായ സന്തോഷ് കുമാറും പ്രതിപ്പട്ടികയിലുണ്ടാകും. മരിച്ചതിനെ തുടർന്ന് മുരാരി ബാബുവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പാളിക്കൈമാറ്റത്തിന് തീരുമാനമെടുത്ത ബോർഡ് യോഗത്തിൽ പങ്കെടുത്ത സന്തോഷ് കുമാറിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ എസ്ഐടിക്ക് കത്തയച്ചിട്ടുണ്ട്. അതേസമയം, കൊള്ള എവിടെ നടന്നാലും കർശനമായി അന്വേഷിക്കണമെന്നായിരുന്നു നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ പ്രതികരണം.
2019ൽ സ്വർണം പൂശി അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതിന്റെ നിറം മങ്ങിയിരുന്നു. വർഷങ്ങളോളം ഗ്യാരണ്ടി ഉണ്ടായിരുന്നിട്ടും അറ്റകുറ്റപ്പണിയിലെ വീഴ്ച പരിശോധിക്കാൻ ബോർഡ് തയ്യാറായില്ല. ഈ വീഴ്ച മറച്ചുവെക്കാനായി ശബരിമല സ്പെഷ്യൽ കമ്മീഷണറെ പോലും അറിയിക്കാതെയാണ് വീണ്ടും സ്വർണപ്പാളികൾ കൊടുത്തുവിട്ടതെന്നും എസ്ഐടിയുടെ റിപ്പോർട്ടിൽ പറയുന്നു. ജൂൺ 29നകം പുതിയ കേസെടുത്ത് സമഗ്രമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.
