സംസ്ഥാനത്ത് എബോള ഭീതി ഒഴിയുന്നു. എബോള ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന കോട്ടയം സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ 52കാരിയുടെ രക്തസാംപിളുകളാണ് നെഗറ്റീവായത്.
പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച സാംപിളുകളുടെ പരിശോധനാഫലം വന്നതോടെയാണ് ആശങ്കകൾക്ക് വിരാമമായത്. ഫലം നെഗറ്റീവായതിനെ തുടർന്ന് ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ദക്ഷിണ സുഡാനിൽ നിന്നും കണക്ഷൻ ഫ്ലൈറ്റിനായി ഇവർ ഉഗാണ്ടയിൽ ഇറങ്ങിയിരുന്നു. നാട്ടിൽ യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെ കടുത്ത ഛർദിയും പ്രമേഹത്തിൽ വ്യതിയാനവും ഉണ്ടായതിനെ തുടർന്നാണ് ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് മുൻകരുതലിന്റെ ഭാഗമായി ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നത്.
