തിരുവനന്തപുരം കന്യാകുളങ്ങരയിൽ പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കന്യാകുളങ്ങര സ്വദേശിയായ 16കാരിയുടെ കഴുത്തിലും മുതുകിലും വയറ്റിലുമാണ് കുത്തി പരിക്കേൽപ്പിച്ചത്. പെൺകുട്ടിയെ ആക്രമിച്ച പനവൂർ സ്വദേശി സഹദിനായി വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി.
പ്ലസ് ടു വിദ്യാർഥിയോട് പ്രണയം അഭ്യർഥിച്ച് പനവൂർ സ്വദേശി സഹദ് പലതവണ സമീപിച്ചിരുന്നു. പെൺകുട്ടി പ്രണയം നിരസിച്ചതോടെ പകയായി. ഇന്ന് ഉച്ചയ്ക്ക് പെൺകുട്ടിയുടെ വീട്ടിനടുത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കാറുമായി പ്രതി ഏറെനേരം കാത്തിരുന്നു. വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയ പെൺകുട്ടിയെ കണ്ടതോടെ കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് കഴുത്തിൽ കുത്തി കൊലപ്പെടുത്താനായിരുന്നു ശ്രമിച്ചത്. ആക്രമണത്തിൽ നിന്ന് കുതറി ഓടാൻ ശ്രമിക്കവേ വയറ്റിലും മുതുകിലും പെൺകുട്ടിക്ക് കുത്തേറ്റു. പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി കാറിൽ രക്ഷപ്പെട്ടിരുന്നു.
നിലത്ത് വീണ 16കാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമല്ല എന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തിൽ വട്ടപ്പാറ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതി ഒറ്റയ്ക്കാണോ എത്തിയത്, ആക്രമിക്കാൻ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
