സർക്കാർ ജീവനക്കാരുടെ ആർജിത അവധി സറണ്ടർ താൽക്കാലികമായി നിർത്തിവെച്ച് ധനവകുപ്പ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ആർജിത അവധി സറണ്ടർ ചെയ്യേണ്ടതില്ലെന്ന് ചൂണ്ടികാണിച്ച് ധനവകുപ്പ് ഉത്തരവിറക്കി. മുൻ വർഷങ്ങളിൽ ആർജിത അവധികൾ സറണ്ടർ ചെയ്തതുമായി സംബന്ധിച്ച് മെയ് ജൂൺ മാസങ്ങളിൽ ഉത്തരവ് വരും. ഈ കാലയളവിൽ അവധികൾ പിഎഫിലേക്ക് ലയിപ്പിക്കണം. ഈ വർഷം അത്തരത്തിലുള്ള അറിയിപ്പുകൾ നൽകിക്കൊണ്ടുള്ള ഉത്തരവ് വന്നില്ല. ഇതോടെ വകുപ്പുകൾ ആർജിത അവധികൾ പി എഫിലേക്ക് ലയിപ്പിച്ചുകൊണ്ടുള്ള നടപടികളിലേക്ക് കടന്നു. ഈ നടപടി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് ധനവകുപ്പിന്റെ കടുംവെട്ട്, 2026 ജൂൺ ഒന്ന് മുതലുള്ള ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ അനുവദിക്കാവൂ എന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത് . ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആർജിത അവധികൾ സറണ്ടർ ചെയ്യേണ്ടന്നും നിലവിൽ പി എഫിലേക്ക് ലയിപ്പിച്ചതും പിൻവലിക്കണമെന്ന് അറിയിച്ചു കൊണ്ടാണ് ധനവകുപ്പിന്റെ കർശന നിർദ്ദേശം .
ഈ മാസം 19 നാണ് സംസ്ഥാന ബഡ്ജറ്റ്. വിദേശ യാത്രാ സംബന്ധമായതോ അല്ലെങ്കിൽ മറ്റ് പ്രത്യേക സാഹചര്യങ്ങളിലോ ഉള്ള അവധി സറണ്ടർ ആനുകൂല്യങ്ങളിലും ബഡ്‌ജറ്റിൽ മാറ്റങ്ങൾ വരാം. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നാണ് പ്രാഥമിക നിഗമനം. അവധികൾ സറണ്ടർ ചെയ്യുന്നതിന് ബദലായി മറ്റു സംവിധാനങ്ങൾ ബഡ്‌ജറ്റ്റിൽ ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി.
