തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടത്തിയ സ്ഥലംമാറ്റങ്ങൾക്കെതിരെ അതൃപ്തി പരസ്യമാക്കി ദേവസ്വം മന്ത്രി കെ മുരളീധരൻ. സ്വർണക്കൊള്ള കേസിൽ എസ്ഐടി ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ പ്രധാന ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാക്കി നിയമിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് മന്ത്രി നിലപാട് എടുത്തത്. നിയമങ്ങളിൽ വിവാദങ്ങൾ ഉയർന്നതോടെ നാളെ ബോർഡ് യോഗം ചേരാൻ തീരുമാനിച്ചു
മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് തിരുവിതാംകൂർ ദേവസ്വംബോർഡ് സ്ഥലംമാറ്റം നടത്തിയത് എന്നാണ് വ്യാപക പരാതി. സ്വർണക്കൊള്ള കേസിൽ സ്വർണം ചെമ്പ് ആണെന്ന് റിപ്പോർട്ട് തയ്യാറാക്കിയ ശ്യാംപ്രകാശിനെ വള്ളിയങ്കാവ് ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആക്കി നിയമിച്ചു. വൈക്കം ക്ഷേത്രോത്സവത്തിന് മുൻകൂർ വാങ്ങിയ പണം തിരിച്ചടച്ചില്ല എന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ ആളെ ദേവസ്വം ആസ്ഥാനത്ത് വിജിലൻസ് ഓഫീസർ ആയി നിയമിച്ചതും വിവാദമായി. ഇതിൽ തീരുന്നില്ല പരാതി. സീനിയർ ഉദ്യോഗസ്ഥരെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആക്കരുതെന്ന മാനദണ്ഡം ലംഘിച്ച് സിപിഐഎം അനുകൂല വനിതാ നേതാവിനെ തിരുവല്ലത്ത് നിയമിച്ചു. അതേ മാനദണ്ഡം കണക്കിലെടുത്ത് സീനിയർ ഉദ്യോഗസ്ഥനായ കോൺഗ്രസ് യൂണിയൻ നേതാവിനെ മാറ്റി ജൂനിയറായ ഇടതുപക്ഷ നേതാവിനെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ നിയമിച്ചു. വിജിലൻസ് കേസിൽപെട്ടയാളെ പന്തളം ക്ഷേത്രത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആക്കി. അങ്ങനെ നീളുകയാണ് പരാതികൾ.
ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് കമ്മീഷണർ റാങ്കുകളിലേക്ക് 70 പേരെയും ഇതേ തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിലൂടെ അഞ്ച് പേരെയുമാണ് നിയമിച്ചത്. പന്ത്രണ്ടാം തീയതി ഇറങ്ങിയ ഉത്തരവിനെതിരെ കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ദേവസ്വം മന്ത്രിയെ നേരിൽ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.
മന്ത്രി ഇടപെട്ടതോടെ അടിയന്തരയോഗം വിളിക്കാൻ ദേവസ്വം ബോർഡ് അധ്യക്ഷൻ തീരുമാനിക്കുകയായിരുന്നു. നിയമനങ്ങളിലെ പ്രശ്നങ്ങളടക്കം നാളത്തെ ബോർഡ് യോഗം ചർച്ച ചെയ്യും.
