തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയം പാളിയെന്ന് ഏറ്റുപറഞ്ഞ് സിപിഐഎം. വിമത സാന്നിധ്യം തെരഞ്ഞെടുപ്പ് വേദിയിൽ പാർട്ടിയുടെ മതിപ്പ് കുറച്ചെന്നും റിവ്യൂ റിപ്പോർട്ടിൽ പരാമർശം. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്ന ടൈറ്റിലിലാണ് റിവ്യൂ റിപ്പോർട്ടിലെ പരാമർശം.
പയ്യന്നൂരിൽ പാർട്ടിക്ക് അകത്ത് ഉണ്ടായിരുന്ന വിഭാഗീയത തെരഞ്ഞെടുപ്പ് ഘട്ടത്തിലും ഉയർന്ന് വന്നു. ഇത് പാർട്ടി വോട്ടിന്റെ ചോർച്ചക്ക് കാരണമായി. തളിപ്പറമ്പലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയത്തിലെ വീഴ്ച കണ്ണൂർ ജില്ലാ കമ്മിറ്റി സ്വയം വിർശനപരമായി അംഗീകരിച്ചു. ജില്ലാ കമ്മിറ്റി അംഗീകരിച്ച പേരുകൾക്ക് അനുമതി നൽകുമ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച പറ്റി.
വിട്ടുപോയവരുടെ സമീപനം പാർട്ടിയുടെ മതിപ്പ് കുറയാൻ ഇടയാക്കി. കണ്ണൂരിൽ ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി അംഗങ്ങളും, ആലപ്പുഴയിൽ മുൻ സംസ്ഥാന സമിതി അംഗവും, കൊല്ലത്ത് മുൻ ജില്ലാ കമ്മിറ്റി അംഗവും, പാലക്കാട് മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മറുചേരിയിൽ മത്സരിക്കേണ്ടിവന്ന സാഹചര്യം എടുത്ത് പറഞ്ഞാണ് തോൽവിയുടെ ഏറ്റുപറച്ചിൽ.
തെരഞ്ഞെടുപ്പ് ചർച്ചയിൽ പോലും വിഭാഗീയത കടന്നുവന്നെന്ന ആമുഖത്തോടെയാണ് അവലോകന റിപ്പോർട്ട് തുടങ്ങുന്നത്. ഉയർന്നുവന്ന വിമർശനങ്ങൾ സ്വീകരിക്കേണ്ടവ സ്വീകരിച്ചുകൊണ്ടാണ് റിവ്യൂ റിപ്പോർട്ട് തയ്യാറാക്കിയത് എന്ന് റിപ്പോർട്ടിൽ പറയുന്നു.
