ദേവസ്വം സ്പെഷ്യൽ പ്ലീഡർ സ്ഥാനത്ത് നിന്ന് കെ ബി പ്രദീപ് രാജിവെച്ചെങ്കിലും രാഷ്ട്രീയ വിവാദം അവസാനിക്കുന്നില്ല. ശബരിമല സ്വർണക്കൊള്ള അടക്കം ചൂണ്ടിക്കാട്ടി അധികാരത്തിലെത്തിയ സർക്കാർ എങ്ങനെ ഈ നിയമനം നടത്തി എന്നുള്ളതിൽ വിശദീകരിക്കേണ്ടി വരും. പാർട്ടിയുമായോ മുന്നണിയുമായോ ആലോചിക്കാതെ ഇത്തരത്തിലുള്ള ആളുകളെ മുഖ്യമന്ത്രി എങ്ങനെ നിയമിച്ചു എന്നുള്ള രാഷ്ട്രീയ ചോദ്യവും ഉയരുകയാണ്.
സ്വർണകൊള്ളയിൽ മുൻ സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്ന അന്നത്തെ പ്രതിപക്ഷ നേതാവ് ഇപ്പോൾ മുഖ്യമന്ത്രിയായപ്പോൾ നിലപാട് ഒക്കെ മറന്നോ എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം. സ്വർണക്കൊള്ളയിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ വക്കീലാണ് കെ ബി പ്രദീപ് എന്നറിയാത്ത ആളല്ല മുഖ്യമന്ത്രി വി ഡി സതീശൻ. അദ്ദേഹത്തിന്റെ പേര് എ ജി നിർദേശിച്ചെങ്കിൽ കൂടി അത് മാറ്റേണ്ട ഉത്തരവാദിത്തം ഉണ്ടായിരുന്ന മുഖ്യമന്ത്രിക്ക് സംഭവിച്ചത് വലിയ വീഴ്ചയാണ്; രാഷ്ട്രീയമായ വലിയ തിരിച്ചടി.
പാർട്ടിക്കുള്ളിൽ പോലും ചർച്ച നടത്തിയില്ല എന്നതും വാസ്തവം. വി ഡി സതീശനെ തള്ളിക്കളയാൻ കഴിയാത്തതുകൊണ്ട് കെ മുരളീധരൻ നിലപാട് മയപ്പെടുത്തി പറഞ്ഞെങ്കിലും മന്ത്രിസഭയ്ക്കുള്ളിലും പാർട്ടിക്കുള്ളിലും വി ഡി സതീശന്റെ നിലപാടിനെതിരെ കടുത്ത എതിർപ്പ് ഉയർന്ന് കഴിഞ്ഞു. പ്രത്യക്ഷത്തിൽ അല്ലെങ്കിലും പരോക്ഷമായി അത് തുറന്നുപറയുകയാണ് മന്ത്രി സണ്ണി ജോസഫ്. ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഇത്തരം നിലപാട് സ്വീകരിക്കുന്നത് എന്നുള്ളതാണ് രാഷ്ട്രീയമായി ഉയരുന്ന ചോദ്യം.
സർക്കാർ അധികാരത്തിലെത്തി ഒരു മാസം പോലും തികഞ്ഞിട്ടില്ല. അതിനു മുമ്പ് രണ്ട് പേരാണ് രാജിവെച്ചത്. ആദ്യം ബന്ധുനിയമന വിവാദമായിരുന്നുവെങ്കിൽ ഇത്തവണ കേരളത്തിനെ തന്നെ പിടിച്ച് കുലുക്കിയ സ്വർണക്കൊള്ളയിൽ ആരൊക്കെയോ രക്ഷിക്കാനുള്ള തത്രപ്പാടും. രാഷ്ട്രീയമായി മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്കാണ്. തിരുത്തിയല്ലോ, അതിൽ തീരുമല്ലോ എന്നുള്ള ചോദ്യങ്ങൾക്കും ഇവിടെ പ്രസക്തിയില്ല. കളങ്കിതരെ എങ്ങനെയാണ് ഒപ്പം ചേർക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നത് എന്നുള്ള ചോദ്യവും നിലനിൽക്കും.
