അമേരിക്കയുമായുള്ള ചർച്ചയ്ക്ക് വഴങ്ങാത്ത ഇറാൻ ഹോർമൂസിൽ മൂന്നു ചരക്കുകപ്പലുകൾ ആക്രമിച്ചു. വെടിനിർത്തൽ ദീർഘിപ്പിക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. സന്ധി സംഭാഷണത്തിനായി ഇസ്ലാമാബാദിലേക്ക് ഇന്നലെ പുറപ്പെടാനിരുന്ന വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് യാത്ര നീട്ടിവച്ചു. ഇറാന്‍റെ തുറമുഖങ്ങളിലെ ഉപരോധം തുടരുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
അമേരിക്ക വെടിനിർത്തൽ നീട്ടിയപ്പോൾ ആയുധമെടുക്കുകയാണ് ഇറാൻ. ഇറാന്‍റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തതിന് പ്രതികാരമായി മൂന്നു കപ്പലുകളെയാണ് ആക്രമിച്ചത്. ഒരെണ്ണം ഗ്രീക്ക് കമ്പനിയുടെ കണ്ടെയ്നർ കപ്പലാണ്. രണ്ടാമത്തെ കപ്പലിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. മൂന്നാമത്തെ കപ്പൽ പനാമയുടെ ഫ്രാൻസെസ്ക എന്ന കപ്പലാണ്. ഗ്രീക്ക് കപ്പലിന്‍റെ ബ്രിഡ്ജ് എന്ന് അറിയപ്പെടുന്ന കൺട്രോൾ റൂം പൂർണമായും തകർന്നുവെന്നാണ് യുകെ മാരിടൈം ഏജൻസി അറിയിച്ചത്. വെടിനിർത്തൽ ദീർഘിപ്പിച്ചെങ്കിലും ചർച്ച അനിശ്ചിതമായി നീളുകയാണ്.
പാകിസ്താന്‍റെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റേയും ഫീൽഡ് മാർഷൽ അസിം മുനീറിന്‍റേയും അഭ്യർത്ഥന മാനിച്ച് വെടിനിർത്തൽ ദീർഘിപ്പിക്കുന്നു എന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. ഇറാൻ ഒറ്റമനസ്സോടെ പുതിയ നിർദേശവുമായി എത്തുന്നതുവരെ വെടിനിർത്തൽ ദീർഘിപ്പിക്കുന്നു എന്നാണ് പ്രസ്താവനയിൽ പറയുന്നത്. ഇതോടെ സമാധാന ചർച്ചയ്ക്കായി ഇസ്ലാമാബാദിലേക്കുള്ള യാത്ര വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് നീട്ടിവച്ചു. ഇന്നലെ ഇസ്ലാമാബാദിൽ എത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇസ്ലാമാബാദിലെ രണ്ട് ഹോട്ടലുകൾ വെള്ളിയാഴ്ച വരെ ഒഴിപ്പിച്ചിട്ടിരിക്കുകയാണ്. അതിനു മുൻപ് രണ്ടു രാജ്യങ്ങളേയും സമവായത്തിൽ എത്തിക്കാം എന്നാണ് പാകിസ്താന്‍റെ പ്രതീക്ഷ.
ഇറാനിൽ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനും സ്പീക്കർ മുഹമ്മദ് ബാഗെർ ഖാലിബാഫും പറയുന്ന കാര്യങ്ങളിൽ വലിയ അന്തരമുണ്ടെന്നാണ് അമേരിക്കയുടെ വാദം. ഇതിനുപുറമെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ പേരിൽ വരുന്ന പ്രസ്താവനകൾക്കും ഭിന്നസ്വരമാണ്. കരാറിന്‍റെ കാര്യത്തിൽ ഇറാൻ ഐകകണ്ഠ്യേന ഒരു തീരുമാനം എടുക്കണം. ആരാണ് യഥാർത്ഥ നേതാവ് എന്നതിൽ വ്യക്തത ഉണ്ടാകണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. ഇറാന്‍റെ തുറമുഖങ്ങളിൽ തുടരുന്ന ഉപരോധം യുദ്ധം തന്നെയാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന്‍റെ തുറമുഖങ്ങളിൽ അമേരിക്ക തുടരുന്ന ഉപരോധം പിൻവലിച്ചാൽ ആ നിമിഷം ചർച്ച നടക്കുമെന്നായിരുന്നു ഐക്യരാഷ്ട്ര സംഘടനയിലെ ഇറാൻ അംബാസഡർ അമീർ സഈദ് ഇർവാനിയുടെ പ്രതികരണം.
