ഇന്ത്യ-ഭൂട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം മൂന്നാറിൽ ആരംഭിച്ചു. നാല് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ ഓപ്പറേഷൻ നുംഖോറാണ് പ്രധാന ചർച്ചാ വിഷയം. നികുതി വെട്ടിപ്പും കള്ളക്കടത്തും തടയാൻ കർമപദ്ധതി യോഗത്തിൽ തയ്യാറാക്കും. കസ്റ്റംസ് കമ്മീഷണർ ഉൾപ്പെടെ പത്ത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്നതാണ് ഭൂട്ടാനിൽ നിന്നുള്ള സംഘം. മൂന്നാറിൽ ഇന്ന് രാവിലെ ആരംഭിച്ച യോഗം നാല് ദിവസം നീണ്ടുനിൽക്കും. കൊച്ചി കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോറിന്റെ തുടർച്ച കൂടിയാണ് യോഗം.
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കള്ളക്കടത്തിന്റെ അന്വേഷണത്തിൽ കൊച്ചി കസ്റ്റംസ് സമാഹരിച്ച വിവരങ്ങൾ യോഗത്തിൽ വിശദീകരിക്കും. വാഹനകള്ളക്കടത്തിന് പിന്നിൽ രാജ്യത്തെ മൂന്ന് റാക്കറ്റുകളെ തിരിച്ചറിഞ്ഞിരുന്നു. ഇവർക്ക് ഒത്താശ ചെയ്യുന്ന ഭൂട്ടാൻ റാക്കറ്റിലേക്ക് അന്വേഷണം എത്തിക്കാനാണ് ശ്രമം. ഭൂട്ടാനിലെ കസ്റ്റംസും ഇതേക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ഈ വിവരങ്ങളും യോഗത്തിൽ പങ്കുവെയ്ക്കും.
നികുതി വെട്ടിപ്പും കള്ളക്കടത്തും തടയുന്നതിനുള്ള സുപ്രധാന നിർദ്ദേശങ്ങൾ ഇന്ത്യൻ സംഘം മുന്നോട്ടുവയ്ക്കും. ഇതിൽ വിശദമായ ചർച്ചയും യോഗത്തിൽ നടക്കും. ഭൂട്ടാനിൽ നിന്ന് കടത്തിയ നൂറിലേറെ വാഹനങ്ങൾ കേരളത്തിലാണ് എത്തിയത്. ഇതിൽ അൻപതിലേറെ വാഹനങ്ങൾ കസ്റ്റംസ് വിവിധ ജില്ലകളിൽ നിന്നായി പിടികൂടിയിരുന്നു. സംയുക്ത നീക്കത്തിലൂടെ കള്ളക്കടത്ത് തടയാനാകുമെന്നാണ് വിലയിരുത്തൽ.
