ഡൽഹി ചെങ്കോട്ട കാർ ബോംബ് സ്ഫോടനക്കേസിൽ നിർണായക നീക്കവുമായി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ. കേസിൽ 10 പ്രതികൾക്കെതിരെ 7,500 പേജുകളടങ്ങിയ വിശദമായ കുറ്റപത്രമാണ് പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ചത്. അൽഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ ഘടകമായ AQIS-ുമായി ബന്ധമുള്ള ഭീകര ശൃംഖലയാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.2025 നവംബർ 10ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ശക്തമായ കാർ ബോംബ് സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ നടുക്കിയ ആക്രമണമായിരുന്നു ഇത്.
സ്ഫോടനത്തിന് ഉപയോഗിച്ചത് വെഹിക്കിൾ ബോൺ ഇമ്പ്രൂവൈസ്ഡ് എക്സ്പ്ലോസിവ് ഡിവൈസ് ആണെന്നാണ് എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.പ്രതികൾ രാജ്യത്ത് വ്യാപക ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നുവെന്നും യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ രഹസ്യ ശൃംഖല രൂപീകരിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി എൻഐഎ കോടതിയെ അറിയിച്ചു. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഡോ. ഉമർ ഉൻ നബി സ്ഫോടനത്തിൽ മരിച്ചതായും റിപ്പോർട്ടുണ്ട്.ഡിജിറ്റൽ തെളിവുകൾ, സാമ്പത്തിക ഇടപാടുകൾ, സ്ഫോടക വസ്തുക്കളുടെ ശേഖരണം, വിദേശ ബന്ധങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വൻ ഭീകര ഗൂഢാലോചനയാണ് കേസിലൂടെ പുറത്തുവന്നതെന്നാണ് എൻഐഎയുടെ വിലയിരുത്തൽ.
