മധ്യപ്രദേശിലെ ബാർഗി അണക്കെട്ടിൽ സർവീസ് നടത്തിയിരുന്ന ക്രൂയിസ് ബോട്ടിന്റെ സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച് അധികൃതർക്ക് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന രേഖകൾ പുറത്ത്. ഏപ്രിൽ 30-ന് ഉണ്ടായ അപകടത്തിൽ 13 പേർ മരിച്ച സംഭവത്തിന് മാസങ്ങൾ മുമ്പുതന്നെ ബോട്ടിന്റെ പ്രവർത്തനയോഗ്യത സംബന്ധിച്ച് ആശങ്കകൾ ഉയർത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ബോട്ട് പ്രവർത്തിപ്പിച്ചിരുന്ന മൈക്കൽ റിസോർട്ട്, 2025 മുതൽ ടൂറിസം വകുപ്പിന്റെ റീജിയണൽ മാനേജർക്ക് നാല് തവണ ഔദ്യോഗിക കത്തുകൾ നൽകിയതായി രേഖകളിൽ പറയുന്നു. ഏപ്രിൽ 16, ഓഗസ്റ്റ് 11, നവംബർ 17, മാർച്ച് 30 തീയതികളിലാണ് മുന്നറിയിപ്പുകൾ നൽകിയതെന്ന് വ്യക്തമാക്കുന്നു. ബോട്ടിന്റെ എഞ്ചിനുകളിൽ തകരാറുകളുണ്ടെന്നും ശക്തമായ കാറ്റിലും തിരമാലകളിലും നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും കത്തുകളിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ആദ്യ കത്തിന് പിന്നാലെ ഏപ്രിൽ 16-ന് വകുപ്പ് പരിശോധന നടത്തിയതായും എഞ്ചിൻ മാറ്റിസ്ഥാപിക്കണമെന്ന് ശുപാർശ നൽകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ തുടർ നടപടികൾ സ്വീകരിക്കപ്പെട്ടില്ലെന്നാണ് ആരോപണം.അവസാനമായി മാർച്ച് 30-ന് നൽകിയ കത്തിൽ ക്രൂയിസ് ബോട്ട് പ്രവർത്തനയോഗ്യമല്ലെന്ന് വീണ്ടും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഏപ്രിൽ 30-ന് ഉണ്ടായ ശക്തമായ കൊടുങ്കാറ്റിൽ ബോട്ട് മറിഞ്ഞ് 13 പേർ മരിച്ചു. 28 യാത്രക്കാരെ സൈന്യത്തിന്റെ മുങ്ങൽ വിദഗ്ധർ, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, പ്രാദേശിക രക്ഷാസേന എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി.സംഭവത്തെ തുടർന്ന് മൂന്ന് ക്രൂ അംഗങ്ങളെ സർക്കാർ പിരിച്ചുവിട്ടിരുന്നു. സംസ്ഥാനത്തുടനീളം സമാന ക്രൂയിസ് സർവീസുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വിരമിച്ച മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി സഞ്ജയ് ദ്വിവേദിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്
