പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധന ഉപഭോഗം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന്റെ നിർണായക നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം ചുരുക്കാൻ തീരുമാനമായി. പ്രധാനമന്ത്രിയുടെ വാഹനത്തിന് പുറമേ ഒരു വാഹനം മാത്രമാണ് ഇനി അകമ്പടിയാകുക.
സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്ന ജാമർ വാഹനവും ഒഴിവാക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ വാഹനവ്യൂഹവും 14ൽ നിന്ന് നാലായി കുറച്ചു. കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കണമെന്ന് കേന്ദ്രം നിർദേശം നൽകി.പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനാണ് (എസ്പിജി) നിർദേശം നൽകിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷയിൽ വിട്ടുവീഴ്ചയും വരുത്താതെ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് തീരുമാനം. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയുൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അവരുടെ ഔദ്യോഗിക വാഹനവ്യൂഹങ്ങൾ കുറയ്ക്കാൻ ഇതിനകം തന്നെ നിർദേശം നൽകി കഴിഞ്ഞു.
മോദിയുടെ വാഹനവ്യൂഹം ചുരുക്കി; ഇന്ധന പ്രതിസന്ധി മുന്നിൽകണ്ട് കേന്ദ്രത്തിന്റെ നീക്കം
