അറ്റ്ലാന്റിക് സമുദ്രത്തിൽ സഞ്ചരിക്കുന്ന ഡച്ച് ക്രൂയിസ് കപ്പൽ എംവി ഹോണ്ടിയസിലുണ്ടായ ഹാന്റവൈറസ് വ്യാപനം ആശങ്ക പരത്തുന്നു. മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചതോടെ കപ്പലിലെ യാത്രക്കാരും ജീവനക്കാരും കർശന നിരീക്ഷണത്തിലാണ്. നിരവധി പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയതായും ചില കേസുകൾ സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു.
അർജന്റീനയിൽ നിന്ന് യാത്ര തിരിച്ചതായ കപ്പൽ നിലവിൽ സ്പെയിനിലെ ടെനെറിഫ് തീരത്തേക്ക് നീങ്ങുകയാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള അപൂർവ വൈറസ് ആണെന്നാണ് പ്രാഥമിക സ്ഥിരീകരണം. ഗുരുതരാവസ്ഥയിലുള്ള ചിലരെ വിദേശ ആശുപത്രികളിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തെ തുടർന്ന് സ്പാനിഷ് ആരോഗ്യ അധികൃതർ അടിയന്തര നിയന്ത്രണ നടപടികൾ ആരംഭിച്ചു. യാത്രക്കാരെ നിയന്ത്രിത രീതിയിൽ ഒഴിപ്പിക്കുന്നതിനും വൈറസ് വ്യാപനം തടയുന്നതിനുമായി പ്രത്യേക മെഡിക്കൽ പ്രോട്ടോക്കോളുകൾ നടപ്പിലാക്കുകയാണ്.
അതേസമയം, ഇത് കോവിഡ് പോലുള്ള ആഗോള മഹാമാരിയിലേക്ക് മാറാനുള്ള സാഹചര്യമല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിൽ പൊതുജനങ്ങൾക്ക് വലിയ അപകടസാധ്യതയില്ലെന്നും, സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുകയാണെന്നും WHO അറിയിച്ചു.
റോഡന്റ് ജീവികളുടെ മൂത്രം, മല, ഉമിനീർ എന്നിവയിലൂടെ സാധാരണ പകരുന്ന വൈറസാണ് ഹാന്റവൈറസ്. പനി, ശരീരവേദന, ക്ഷീണം, ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗുരുതരമായാൽ ശ്വാസകോശത്തെ ബാധിച്ച് ജീവഹാനിക്കും കാരണമാകാം.
