അപൂർവമായ ഹാന്റാ വൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിൽ സഞ്ചരിക്കുന്ന ഡച്ച് കമ്പനിയുടെ ക്രൂസ് കപ്പലിലാണ് രോഗബാധ കണ്ടെത്തിയത്. വയോധികരായ ദമ്പതികൾ ഉൾപ്പെടെയാണ് മരിച്ചത്. മൂന്ന് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
രോഗബാധ സംശയിക്കുന്ന ഒരാൾ ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. മറ്റ് രണ്ട് പേരെയും ഉടൻ കപ്പലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ നിന്ന് ആരെയും പുറത്തിറക്കിയിട്ടില്ല.
എലികൾ പോലുള്ള ചെറുമൃഗങ്ങളിൽ കാണപ്പെടുന്ന വൈറസാണ് ഹാന്റാ വൈറസ്. രോഗബാധിത എലികളുടെ മൂത്രം, വിസർജ്യം, തുപ്പൽ എന്നിവ വഴിയാണ് വൈറസ് പകരുന്നത്. ഇത് മനുഷ്യരിലേക്ക് പടർന്നാൽ പ്രത്യേക ചികിത്സയില്ലെങ്കിലും തുടക്കത്തിൽ കണ്ടെത്തിയാൽ രോഗലക്ഷണങ്ങൾ അനുസരിച്ച് ചികിത്സ നൽകി രക്ഷപ്പെടുത്താനാകും. രോഗം ഗുരുതരമായാൽ ശ്വാസംമുട്ടൽ, നെഞ്ചുവേദന, വൃക്കയുടെ പ്രവർത്തനത്തിൽ തകരാർ എന്നിവ ഉണ്ടാകും.
