അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ അന്ത്യശാസനം ഇറാൻ തള്ളിയതോടെ യുദ്ധം നിർണായക ഘട്ടത്തിലേക്ക്. നാളെ പുലർച്ചെ അഞ്ചുമണിക്കു മുൻപ് ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ അവസാനിപ്പിക്കുമെന്നാണ് ഭീഷണി. ഇറാനിൽ തകർക്കാനുള്ള പാലങ്ങളുടേയും വൈദ്യുതിനിലയങ്ങളുടേയും പട്ടിക ഇസ്രായേൽ തയ്യാറാക്കി. ഹോർമൂസ് തുറക്കണമെന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടന സുരക്ഷാ കൌൺസിൽ ഇന്ന് പരിഗണിച്ചേക്കും
നാലുവട്ടം നീട്ടിയ അന്ത്യശാസനമാണ് നാളെ ഇന്ത്യൻ സമയം പുലർച്ചെ അഞ്ചുമണിക്ക് അവസാനിക്കുന്നത്. അതിനു ശേഷം ഒറ്റരാത്രി മതി ഇറാനെ ഇല്ലാതാക്കാൻ എന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇന്നത്തെ പ്രതികരണം. പാലങ്ങളും വൈദ്യുതി നിലയങ്ങളും വാതകപ്പാടങ്ങളും തകർത്ത് ഇറാനെ നാമാവശേഷമാക്കുമെന്നാണ് ഭീഷണി. അന്ത്യശാസനം അംഗീകരിക്കുന്നില്ലെന്ന് പാകിസ്താൻ വഴി ഇറാൻ അമേരിക്കയെ അറിയിച്ചു. 45 ദിവസത്തെ വെടിനിർത്തൽ സ്വീകാര്യമല്ലെന്നും യുദ്ധം എന്നേക്കുമായി അവസാനിപ്പിക്കാനുള്ള നിർദേശങ്ങളാണ് വേണ്ടതെന്നുമാണ് ഇറാൻ നൽകിയ മറുപടിയിൽ ഉള്ളത്. യുദ്ധം അവസാനിപ്പിക്കാൻ 10 ഇന നിർദേശങ്ങളാണ് ഇറാൻ അമേരിക്കയെ അറിയിച്ചത്. ഇനി ഇറാനെ ആക്രമിക്കില്ലെന്നും ലബനനിലെ ഹെസ്ബുള്ളയ്ക്കെതിരായ ആക്രമണം നിർത്തണമെന്നും ഇറാനെതിരായ എല്ലാ ഉപരോധങ്ങളും നീക്കണമെന്നും ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് ഇറാൻ നൽകിയിരിക്കുന്നത്. 10 നിർദേശങ്ങളും അംഗീകരിച്ചാൽ ഹോർമൂസ് പൂർണമായും തുറന്നുകൊടുക്കാം എന്നാണ് വാഗ്ദാനം. ഇറാൻ വഴങ്ങില്ല എന്നു ബോധ്യമായതോടെ തകർക്കാനുള്ള പാലങ്ങളുടേയും വൈദ്യുതിനിലയങ്ങളുടേയും പട്ടിക ഇസ്രായേൽ തയ്യാറാക്കി. ഹോർമൂസ് തുറക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൌൺസിലിന്‍റെ പരിഗണനയ്ക്കെത്തി. ഹോർമൂസിലെ തടസ്സങ്ങൾ നീക്കാൻ ഇറാനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം.
അതേസമയം ഇറാനിലെ ജനവാസ കേന്ദ്രത്തിൽ ഇസ്രായേൽ ഇന്നു നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. ഇന്നലെ ആറ് കുട്ടികൾ ഉൾപ്പെടെ 34 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതുവരെ ഇറാനിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 220 ആയി. 1995 കുട്ടികൾക്കു പരുക്കേറ്റു. ഇറാനിൽ ഇതുവരെ 254 സ്ത്രീകളും യുദ്ധത്തിൽ കൊല്ലപ്പെട്ടു.
