വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ വിവാദ കല്ലറ തുറന്ന് വിശദമായ പരിശോധന നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്ത്. കല്ലറയ്ക്കുള്ളിലത് മൃതദേഹമാണെന്ന് ഉറപ്പായാൽ ഡിഎൻഎ (DNA) പരിശോധന നടത്തണമെന്നാണ് ഏഴ് വർഷം മുമ്പ് കാണാതായ സിജോ സ്‌കറിയയുടെ ബന്ധുക്കളുടെ ആവശ്യം.
കോഴിക്കോട് വിലങ്ങാട് സ്വദേശിയായ സിജോ സ്‌കറിയയുടെ ഭാര്യ വാണിയപ്പാറ സ്വദേശിനിയാണ്. 2014-ൽ വിലങ്ങാട്ടെ ബന്ധുക്കളോട് പിണങ്ങി ഭാര്യയുടെ നാടായ വാണിയപ്പാറയിലേക്ക് പോയതായിരുന്നു സിജോ. എന്നാൽ, 2021-ൽ ബന്ധുക്കൾ ഇവിടെ അന്വേഷിച്ച് ചെന്നപ്പോൾ സിജോയെ കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനെത്തുടർന്ന് 2021-ൽ സിജോയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കുറ്റ്യാടി പോലീസിൽ പരാതി നൽകിയിരുന്നു.
