സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളിൽ അലേർട്ട് പ്രഖ്യാപിച്ചു.എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും ഉണ്ട്. മലയോര മേഖലകളിൽ അതീവ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ ശക്തമായ മഴ ലഭിച്ചു.മണ്ണാർക്കാടിന്റെ വിവിധ പ്രദേശങ്ങളിൽ മഴ കനത്തതോടെ ഗതാഗതം തടസ്സപ്പെട്ടു.ഭീമനാട് 55ആം മൈൽ റോഡിൽ വടശ്ശേരിപ്പുറം പാടം ഭാഗത്ത് ഓവു പാലത്തിന്റെ സൈഡ് റോഡ് ഇടിഞ്ഞു വീണു.ഞെട്ടരകടവ് റോഡിൽ ചങ്ങലീരി സ്കൂളിന് മുന്നിലും അലനല്ലൂർ കണ്ണംകുണ്ട് കോസ് വേയിലും വെള്ളക്കെട്ടുണ്ടായി.
കോഴിക്കോട് കനത്ത മഴയിൽ പൊതുക്കിണർ ഇടിഞ്ഞുതാഴ്ന്നു. കാരശ്ശേരി – കറുത്തപറമ്പ് റോഡിൽ ആയുർവേദ ഹോസ്പിറ്റലിന് സമീപമുള്ള വലിയ കിണറാണ് പൂർണ്ണമായും ഇടിഞ്ഞു താഴ്ന്നത്. 70 വർഷത്തോളം പഴക്കമുള്ള കിണർ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സായിരുന്നു. ചെക്യാട് പഞ്ചായത്തിൽ ഇന്നലെ രാത്രിയുണ്ടായ മിന്നൽചുഴലിയിൽ വ്യാപക നാശനഷ്ടമുണ്ടായി.കാലിക്കൊളുമ്പ് മേഖലയിലാണ് ശക്തമായ കാറ്റ് നാശനഷ്ടമുണ്ടാക്കിയത്. എളമ്പയിൽ ബാബുവിൻ്റെ വീടിൻ്റെ മേൽകൂര തകർന്നു.റബ്ബർ മരങ്ങൾ പൊട്ടിവീണ് പ്രദേശത്ത് ഗതാഗത തടസവും നേരിട്ടു.
