പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ കെട്ടിട നിർമാണത്തിൽ നിലവാരം ഉറപ്പാക്കാൻ സാധിച്ചില്ലെന്ന് കിറ്റ്‌കോ എഞ്ചിനീയർ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉദ്ഘാടനത്തിനായി കെട്ടിട നിർമാണം വേഗത്തിലാക്കാൻ ഉന്നതങ്ങളിൽ നിന്ന് സമ്മർദമുണ്ടായിരുന്നുവെന്നും എച്ച്എംസി യോഗത്തിൽ എഞ്ചിനീയർ തുറന്ന് പറഞ്ഞു. എഞ്ചിനീയറുടെ തുറന്ന് പറച്ചിലിന്റെ അടിസ്ഥാനത്തിൽ നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും ഓഡിറ്റിന് വിധേയമാക്കാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. വിശദമായ ഓഡിറ്റ് വേണമെന്ന് സ്ഥലം എംഎൽഎ അബിൻ വർക്കിയും ആവശ്യപ്പെട്ടു.
ഇഷിടിക നിരത്തൽ, സിമന്റ് തേക്കൽ, പെയിന്റ് അടിക്കൽ- എല്ലാം നിമിഷനേരം കൊണ്ടാണ് നടത്തിയെടുത്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ നിർമാണത്തിന്റെ അപാകത അന്നേ ചർച്ചയായതാണ്. തെരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ രണ്ട് ബ്ലോക്കുകളുടെ ഉദ്ഘാടനമാണ് മാർച്ച് 11ന് മുൻ മന്ത്രി വീണാ ജോർജ് നിർവഹിച്ചത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉന്നതങ്ങളിൽ നിന്നുണ്ടായ സമ്മർദം കൊണ്ടാണ് കെട്ടിട നിർമാണത്തിലെ നിലവാരം ഉറപ്പാക്കാൻ സാധിക്കാതെ പോയത് എന്ന് കിറ്റ്‌കോ എഞ്ചിനീയർ തുറന്ന് പറയുമ്പോൾ ആരാണ് സമ്മർദം ചെലുത്തിയത് എന്ന ചോദ്യം ഉയരുകയാണ്.
ജനറൽ ആശുപത്രിയുടെ ഒപി ബ്ലോക്കിന്റെയും ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെയും നിർമാണ ചുമതല കിറ്റ്‌കോയ്ക്ക് ആണ്. ഇന്നലെ ചേർന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലെ കിറ്റ്‌കോ എഞ്ചിനീയറുടെ തുറന്നുപറച്ചിലിന്റെ പശ്ചാത്തലത്തിൽ വിശദമായ ഓഡിറ്റ് വേണമെന്ന് സ്ഥലം എംഎൽഎ അബിൻ വർക്കി ആവശ്യപ്പെട്ടു. നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദേശം നൽകിയിട്ടുണ്ട്.
