ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ സമ്മാനത്തുക അഞ്ചു കോടി രൂപ വർദ്ധിപ്പിച്ചു. കഴിഞ്ഞതവണ 25 കോടിയായിരുന്നത് ഇത്തവണ 30 കോടിയാക്കി. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാന തുകയാണ് ഇത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് നൽകും. കഴിഞ്ഞ തവണയും ഇതേ സമ്മാനഘടനയായിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി കുറച്ചു. 20 പേർക്ക് 25 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും.
ജൂലൈ 17ന് ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. കഴിഞ്ഞ തവണത്തെ അതേ തുകയായ 500 രൂപയാണ് ഇത്തവണയും വില. 90 ലക്ഷം ടിക്കറ്റുകൾ ഏജൻ്റുമാർക്ക് നൽകാനാണ് തീരുമാനം. ഡിമാൻഡ് അനുസരിച്ചാകും പ്രിന്റിംഗ് നടക്കുക. കഴിഞ്ഞതവണ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയത്. സമ്മാനത്തുകയ്ക്ക് മാത്രം 125 കോടി 54 ലക്ഷം രൂപയാണ് മാറ്റി വെച്ചിട്ടുള്ളത്. ഓൺലൈൻ ടിക്കറ്റ് വില്പന നിയമ വിരുദ്ധമാണെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
