കൊച്ചി ചേരാനല്ലൂരിൽ ജഡ്ജിയുടെ മകനായ പതിനേഴുകാരനോടിച്ച കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തട്ടുകടയടച്ച് വീട്ടിലേക്ക് മടങ്ങിയ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനെയാണ് പുറകിൽ നിന്നെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. അപകടസ്ഥലത്ത് നിർത്താതെ പോയ കാർ അരകിലോമീറ്റർ അകലെ സാങ്കേതിക തകരാറിനെ തുടർന്നാണ് നിന്നത്. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പുലർച്ചെ 2.20ന് കണ്ടെയ്‌നർ റോഡിൽ മാരാപ്പറമ്പിലായിരുന്നു അപകടം. ചേരാനെല്ലൂർ ഭാഗത്തേക്ക് വന്ന സ്‌കൂട്ടറിന് പുറകിലേക്ക് ബെൻസ് കാർ പാഞ്ഞുകയറിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു. ബെൻസ് കാറിന്റെ മുൻവശം തകർന്നു. സ്‌കൂട്ടറിൽ നിന്ന് ജയബാലകൃഷ്ണൻ തെറിച്ച് സമീപത്തെ സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. വീട്ടിലേക്ക് വാങ്ങിയ അരിയും തട്ടുകടയിലെ ഉപകരണങ്ങളും പണവും ഗ്യാസ് കുറ്റിയടക്കം പലയിടങ്ങളിലേക്കായി ചിതറി.
സ്‌കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷം മുന്നോട്ടുപാഞ്ഞ കാർ അരകിലോമീറ്റർ അകലെയാണ് നിന്നത്. കാറിന്റെ മുൻവശം തകർന്ന് അനങ്ങാൻ കഴിയാതെ വന്നതോടെയായിരുന്നു ഇത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കാറോടിച്ച പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തു. ഇരിഞ്ഞാലക്കുട സബ് ജഡ്ജും വാഹനാപകട ക്ലെയിം ഗ്രൈബ്യൂണൽ ജഡ്ജുമായ റിനോ ഫ്രാൻസിസ് സേവ്യറിന്റെ പേരിലാണ് വാഹനം. കാറിന്റെ പുറകിൽ ചുവന്ന ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും അപകടത്തിന് പിന്നാലെ മാറ്റി. കാറോടിച്ച പതിനേഴുകാരൻ മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കറങ്ങാൻ ഇറങ്ങിയതെന്നായിരുന്നു കൗമാരക്കാരന്റെ മറുപടി.
അമിതവേഗമാണ് അപകട കാരണമെന്നാണ് പ്രഥമദൃഷട്യാ ബോധ്യപ്പെടുന്നത്. ഇതുറപ്പിക്കാൻ ശാസ്ത്രീയ പരിശോധന നടത്തും. പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിനടക്കം പിതാവിനെ പ്രതിയാക്കി കേസെടുക്കണം. ചിറ്റൂരിൽ ഇരുപത്തിയഞ്ച് വർഷമായി തട്ടുകട നടത്തുന്നയാളാണ് മരിച്ച ജയബാലകൃഷ്ണൻ. ഫോറൻസിക് വിദഗ്ദർക്ക് പുറമെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.
