കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ ജാമ്യത്തിൽ പുറത്തിറങ്ങി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് 19 ദിവസത്തെ ജയിൽവാസത്തിന് ശേഷം വടകര സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.ജയിലിന് മുന്നിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാലയണിയിച്ചും മുദ്രാവാക്യം വിളിച്ചും ജിതിനെ സ്വീകരിച്ചു. തുടർന്ന് പ്രകടനമായാണ് സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചത്. എന്നാൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ജിതിനോ പാർട്ടി നേതാക്കളോ പ്രതികരിച്ചില്ല.
കഴിഞ്ഞ മാസം 16-നാണ് കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കരനെ അറസ്റ്റ് ചെയ്തത്.നേരത്തെ വടകര മജിസ്ട്രേറ്റ് കോടതി ജിതിൻ്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഇതോടെ ജിതിൻ കോഴിക്കോട് ജില്ലാ സെഷൻ കോടതിയെ സമീപിച്ചു. മാസത്തിൽ രണ്ട് ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക, 50,000 രൂപയുടെ ബോണ്ട് നൽകുക തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
സിപിഐ എം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമായ ജിതിൻ ഭാസ്കരൻ ബ്രോഡ്കാസ്റ്റ് വഴി 200 പേർക്ക് കാഫിർ സ്‌ക്രീൻഷോട്ട് സന്ദേശം അയച്ചുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമാണ് പോലീസ് കണ്ടെത്തിയത്. ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഇത് സംബന്ധിച്ച തെളിവ് ലഭിച്ചിട്ടുണ്ട്. ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മറ്റൊരു ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചിരുന്നുവെന്ന് നേരത്തെ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റ അഡ്മിനാണ് ജിതിൻ. അതെ സമയം ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ നൽകിയ മുൻകൂർ ജാമ്യഹർജി സെഷൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസിൽ അറസ്റ്റ് സാധ്യത വന്നതോടെയാണ് റിബേഷ് മുൻകൂർ ജാമ്യഹർജി നൽകിയത്.
