മൺസൂൺ ശക്തമാകുംമുമ്പേ മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മൂന്ന് മത്സ്യബന്ധന വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരമാലയെ തുടർന്ന് പുലിമുട്ടിന്റെ നിർമാണം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. വർഷങ്ങളായി തുടരുന്ന സർക്കാർ അനാസ്ഥയാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണമെന്ന ആക്ഷേപം മത്സ്യത്തൊഴിലാളികൾ ഉയർത്തുന്നു.
മുതലപ്പൊഴിയുടെ ആഴം കൂട്ടാൻ എത്തിച്ച ഡ്രഡ്ജറും നിലവിൽ പ്രവർത്തനരഹിതമാണ്. അതേസമയം നിർമാണത്തിലിരിക്കുന്ന പുലിമുട്ടും അശാസ്ത്രീയമാണെന്നാണ് പ്രദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആരോപണം. കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് പുതിയ പുലിമുട്ടിന്റെ നിർമാണം ആരംഭിച്ചതെങ്കിലും, നിലവിലെ രൂപകൽപ്പനയ്ക്ക് ശക്തമായ തിരമാലയെ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നാണ് ഇവരുടെ പരാതി.
പുലിമുട്ടിന്റെ അശാസ്ത്രീയ നിർമാണത്തെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിരവധി തവണ അറിയിച്ചിരുന്നുവെന്നും ഇതേ തുടർന്നാണ് നിർമാണം താൽക്കാലികമായി നിർത്തിവെച്ചതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. പരാതിയുടെ പശ്ചാത്തലത്തിൽ സെന്റർ ഫോർ വാട്ടർ ആൻഡ് പവർ റിസർച്ച് സെന്ററിലെ ഉദ്യോഗസ്ഥർ ഇന്ന് വീണ്ടും മുതലപ്പൊഴി സന്ദർശിക്കും. നിർമാണത്തിലിരിക്കുന്ന പുലിമുട്ട് പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
മൺസൂൺ പൂർണതോതിൽ ആരംഭിക്കും മുൻപേ തന്നെ മൂന്ന് മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽപ്പെട്ടത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. അപകടമുണ്ടായാൽ അടിയന്തര രക്ഷാപ്രവർത്തനത്തിനുള്ള മതിയായ സംവിധാനങ്ങൾ ഇല്ലെന്ന പരാതിയും നിലനിൽക്കുന്നു. തുടർച്ചയായ അപകടങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന ആവശ്യം പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും വീണ്ടും ശക്തമായി ഉന്നയിക്കുകയാണ്
