വണ്ടി ഓടിച്ചയാളുടെ പ്രായം എഫ്ഐആറിൽ തിരുത്തിയും യഥാർത്ഥ പ്രതിക്ക് പകരം മറ്റൊരു പ്രതിയെ സ്റ്റേഷനിൽ കൊണ്ടുവന്നുമാണ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്. എഫ്ഐആറിൽ തിരിമറി ചൂണ്ടിക്കാണിച്ച പരാതിക്കാരിയുടെ ഭർത്താവിനെ സ്റ്റേഷനു പുറത്താക്കിയതായും ആരോപണമുണ്ട്. ഗുരുതരമായി പരിക്കേറ്റ ബേബി 3 ശസ്ത്രക്രിയകൾക്ക് ശേഷം അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
പുറക്കാട് പഴയങ്ങാടി ജംഗ്ഷൻ സമീപം റോഡരികിൽ നിന്ന ബേബിയെ അമിതവേഗത്തിൽ സ്കൂട്ടറിലെത്തിയ വിദ്യാർഥി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഈ മാസം പത്താം തീയതി ആയിരുന്നു അപകടമുണ്ടായത്. അപകടത്തിന് ശേഷം വിദ്യാർത്ഥി സംഭവത്തിൽ നിന്ന് കടന്നു കളഞ്ഞതായും പരാതിയുണ്ട്. സ്കൂട്ടറോടിച്ചത് പ്രായപൂർത്തിയാകാത്ത ആളാണെന്ന് ദൃക്സാക്ഷികൾ അടക്കം പറഞ്ഞുവെങ്കിലും എഫ്ഐആർ വന്നപ്പോൾ വാഹനം ഓടിച്ചയാളുടെ പ്രായം 30 ആയി. അമ്പലപ്പുഴ പോലീസ് നടത്തിയ അട്ടിമറിയാണ് അപകടം ഉണ്ടാക്കിയ ആളുടെ പ്രായ തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. ഇതിനുപുറമേ ഗുരുതരമായി പരിക്കേറ്റ ബേബിയുടെ ബന്ധുക്കൾ സ്റ്റേഷനിൽ എത്തിയപ്പോൾ വാഹനം ഓടിച്ചു എന്ന പേരിൽ ഹാജരാക്കിയത് മറ്റൊരാളെയായിരുന്നു. ഇക്കാര്യം പോലീസിനോട് ചൂണ്ടിക്കാണിച്ചപ്പോൾ സ്റ്റേഷന് പുറത്ത് നിൽക്കാനാണ് തങ്ങളോട് പറഞ്ഞതെന്നും ബേബിയുടെ ഭർത്താവ് അടക്കം ആരോപിക്കുന്നു
അപകടത്തിൽ തലയോട്ടിക്ക് ക്ഷതം സംഭവിക്കുകയും വാരിയെല്ലുകൾക്ക് പൊട്ടൽ ഏൽക്കുകയും, ചെയ്ത ബേബി അതീവ ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ മൂന്ന് ശസ്ത്രക്രിയയാണ് ഇവർക്ക് നടത്തിയത്. അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ രേഖകൾ പരിശോധിച്ചാൽ യഥാർത്ഥ വാഹന ഉടമയെ കണ്ടെത്താമെങ്കിലും പോലീസ് അതിനും ശ്രമിച്ചിട്ടില്ല എന്നാണ് പരാതി. അപകടമുണ്ടാക്കിയ പ്രതി രാഷ്ട്രീയ ഇടപെടലുകളിലൂടെ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പരാതിയുണ്ട്. സ്റ്റേഷനിൽ വച്ച് തന്നെ എഫ്ഐആറിൽ തിരുത്തൽ നടത്തുകയും പ്രതിയെ മാറ്റുകയും ചെയ്ത പോലീസ് ഉദ്യോഗത്തിനെതിരെ നടപടി വേണമെന്നാണ് ഈ കുടുംബം ആവശ്യപ്പെടുന്നത്.
