വിഴിഞ്ഞം തുറമുഖത്ത് സംഭവിച്ചത് കേരളം കണ്ട ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിൽ ഒന്ന്. വല്ലാർപാടം തുറമുഖത്ത് ദുബായ് പോർട്സ് വേൾഡാണ് നിക്ഷേപം നടത്തിയതെങ്കിൽ വിഴിഞ്ഞത്ത് അദാനിയിൽ നിന്ന് ഓഹരി വാങ്ങിക്കൂട്ടിയിരിക്കുന്നത് എംഎസ് സി (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി) എന്ന വമ്പനാണ്. ചരക്ക് കൈകാര്യം ചെയ്യുന്നതിൽ ലോകത്തെ തന്നെ മുൻനിര കമ്പനിയാണ് വിഴിഞ്ഞത്തിന്‍റെ 49 ശതമാനം ഓഹരികൾക്കായി 13,225 കോടി രൂപ മുടക്കിയിരിക്കുന്നത്. അദാനി പോർട്സ് ചൊവ്വാഴ്ച സെബിയിൽ സമർപ്പിച്ച റിപ്പോർട്ടിലൂടെയാണ് ഓഹരിക്കൈമാറ്റം പുറംലോകം അറിഞ്ഞത്. ഇന്ത്യൻ തുറമുഖ രംഗത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണ് വിഴിഞ്ഞത്ത് സംഭവിച്ചിരിക്കുന്നത്.
അദാനി വിഴിഞ്ഞം പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 27,000 കോടി രൂപയ്ക്കു തുല്യമായ 285 കോടി ഡോളറാണ് ആസ്തി കണക്കാക്കിയിരിക്കുന്നത്. അതിന്‍റെ പകുതിക്ക് അടുത്തുവരുന്ന തുകയായ 13,225 കോടി രൂപയാണ് എംഎസ് സി മുടക്കിയിരിക്കുന്നത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി 56 വർഷത്തെ ചരിത്രമുള്ള വമ്പനാണ്. 900 കപ്പലുകളിലായി ഒരേസമയം 70 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം. കപ്പലുകളുടെ എണ്ണത്തിലും കണ്ടെയ്നറുകളുടെ എണ്ണത്തിലും ലോകത്തെ ഒന്നാം നമ്പർ കമ്പനിയാണ് എംഎസ് സി. ആഗോള കണ്ടെയ്നർ നീക്കത്തിന്‍റെ 21.2 ശതമാനവും കൈകാര്യം ചെയ്യുന്നത് എംഎസ് സിയാണ്. അപോന്‍റെ ഡയമന്‍റ് കുടുംബത്തിനാണ് ഉടമസ്ഥാവകാശം. 1970ൽ ജിയാൻ ലൂയി അപാന്‍റെ സ്ഥാപിച്ചതാണ് എംഎസ് സി കമ്പനി. ഡിയാഗോ അപാന്‍റെ ആണ് ഇപ്പോഴത്തെ പ്രസിഡന്‍റും സിഇഒയും.
എംഎസ് സിയുടെ നിക്ഷേപ സ്ഥാപനമായ ടെർമിനൽ ഇൻവെസ്റ്റ്മെന്‍റ് ലിമിറ്റഡ് ഓഹരികൾക്കായി ആദ്യഘട്ടത്തിൽ 53.9 കോടി ഡോളർ മുടക്കും. 2028 ഡിസംബർ ആകുമ്പോഴേക്കും തുറമുഖ വികസനത്തിനായി175 കോടി ഡോളർ കൂടി നൽകുമെന്നാണ് കരാർ. തുറമുഖത്തിന്‍റെ ശേഷി16 ലക്ഷം ടിഇയു (ട്വന്‍റി ഇക്വലന്‍റ് യൂണിറ്റ്-20 അടി കണ്ടെയ്നർ) വിൽ നിന്ന് 41 ലക്ഷം ടിഇയുവിലേക്ക് വികസിപ്പിക്കുന്ന ജോലിക്കാണ് ഈ പണം മുടക്കുക. ആത്യന്തികമായി 57 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാക്കുകയാണ് ലക്ഷ്യം.
ഇപ്പോൾ തന്നെ ആയിരം കണ്ടെയ്നർ കപ്പലുകൾ എത്തിക്കഴിഞ്ഞ തുറമുഖത്ത് ഈ നീക്കം വലിയ ചലനങ്ങൾ ഉണ്ടാക്കും എന്നാണ് നിഗമനം. അദാനി ഗ്രൂപ്പിന് പണം ലഭിക്കുന്നതുമാത്രമല്ല ഇതുകൊണ്ടുള്ള നേട്ടം. പങ്കാളികൾ എംഎസ് സി ആയതുകൊണ്ടുതന്നെ വൻതോതിൽ ചരക്കുകപ്പലുകൾ വിഴിഞ്ഞത്ത് അടുക്കാൻ സാധ്യതയുണ്ട്. ബംഗ്ലാദേശിൽ നിന്ന് വലിയതോതിൽ ചരക്ക് വിഴിഞ്ഞത്ത് എത്തിച്ച് കൈകാര്യം ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നു. വിഴിഞ്ഞം ഓഹരികൾ കൈമാറിയ വിവരം പുറത്തുവന്നതോടെ അദാനി പോർട്സിന്‍റെ ഓഹരികളിൽ വമ്പൻ കയറ്റമുണ്ടായി.
വിഴിഞ്ഞം തുറമുഖം ഒന്നാംനിര ട്രാൻസ്ഷിപ്പ്മെന്‍റ് ഹബ്ബായി മാറിക്കഴിഞ്ഞുവെന്നും സമാനതകളില്ലാത്ത വേഗത്തിലായിരുന്നു വളർച്ചയെന്നും അദാനി പോർട്സ് മുഴുവൻ സമയ ഡയറക്ടർ അശ്വനി ഗുപ്ത പറഞ്ഞു. ലോകത്തെ ഒന്നാംനിര ട്രാൻസ്ഷിപ്മെന്‍റ് തുറമുഖങ്ങൾ സിംഗപ്പൂർ, മലേഷ്യയിലെ താൻജംഗ് പെലെപാസ്, ദക്ഷിണകൊറിയയിലെ ബുസാൻ, മൊറോക്കോയിലെ ടാൻജർ മെഡ്, ചൈനയിലെ ഷാങ് ഹായി എന്നിവയാണ്. ആ നിരയിലേക്ക് വളരാനുള്ള സാധ്യതയാണ് വിഴിഞ്ഞത്തിനും തെളിഞ്ഞുവരുന്നത്. നാലു കോടി കണ്ടെയ്നറുകളാണ് സിംഗപ്പൂർ ഒരുവർഷം കൈകാര്യം ചെയ്യുന്നത്.
വിഴിഞ്ഞത്ത് ഒന്നാംവർഷം 615 കപ്പലുകളിൽ നിന്നായി 13 ലക്ഷം ടിഇയു കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. ഏറ്റവും വേഗത്തിൽ ഒരു ദശലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്യുന്ന തുറമുഖമായി വിഴിഞ്ഞം മാറുകയായിരുന്നു. 18 മാസം ആയപ്പോഴേക്കും 20 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തുകഴിഞ്ഞിരുന്നു. എംഎസ് സിയും അദാനിയുമായി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും തമിഴ്നാട് എന്നോറിലും സഹകരണമുണ്ട്. പക്ഷേ, ഇത്രവലിയ നിക്ഷേപം അവിടെയൊന്നും എംഎസ് സി നടത്തിയിട്ടില്ല.
ഇന്ത്യയുടെ തന്നെ ആദ്യത്തെ സ്വാഭാവിക ട്രാൻസ്ഷിപ്മെന്‍റ് തുറമുഖം എന്നാണ് വിഴിഞ്ഞം അറിയപ്പെടുന്നത്. രാജ്യാന്തര കപ്പൽപാതയിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രമാണ് അകലം. 18 മീറ്റർ ആഴമുണ്ട് എന്നതിനാൽ തീരത്ത് വലിയ ആഴംകൂട്ടൽ വേണ്ടി വന്നില്ല. വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ എത്തിയ കപ്പലുകളിൽ 283 എണ്ണം 300 മീറ്ററിലധികം നീളമുള്ളവയാണ്. ഏതു വമ്പനേയും കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് വിഴിഞ്ഞത്തിന്‍റെ പ്രത്യേകത. എംഎസ് സി കൂടി എത്തുന്നതോടെ ഗതാഗതം അതിവേഗമാകുമെന്നാണ് കണക്കാക്കുന്നത്.
