കോഴിക്കോട് താമരശ്ശേരി ചുരത്തിലെ വളവുകളുടെ വീതികൂട്ടൽ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നു. മഴയും തൊഴിലാളി ക്ഷാമവും കാരണം നിർമാണം കാര്യമായി മുന്നോട്ടുപോകുന്നില്ല. ഇതോടെ വാഹനക്കുരുക്കിനും ഗതാഗത നിയന്ത്രണങ്ങൾക്കും ശാശ്വത പരിഹാരം വൈകുകയാണ്. ദിനംപ്രതി മണിക്കൂറുകളോളം യാത്രക്കാരാണ് ചുരത്തിൽ കുടുങ്ങുന്നത്.ആറാം, ഏഴാം, എട്ടാം വളവുകളിലാണ് നിലവിൽ വീതികൂട്ടൽ നടക്കുന്നത്. എന്നാൽ ഒരിടത്തും അടിത്തറ നിർമാണം പോലും പൂർത്തിയായിട്ടില്ല. പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് രണ്ടര മാസം മുമ്പ് താഴേക്ക് വീണ ഹിറ്റാച്ചി യന്ത്രം പോലും ഇതുവരെ പുറത്തെടുത്തിട്ടില്ല.
ആറാംവളവിൽ മിക്ക ദിവസങ്ങളിലും വാഹനങ്ങൾ കുടുങ്ങുന്നത് പതിവാണ്. ഒരു വാഹനം വഴിയിൽ തടസ്സപ്പെട്ടാൽ ക്രെയിനും അറ്റകുറ്റപ്പണി സംഘവും താമരശ്ശേരിയിൽ നിന്നോ കൽപ്പറ്റയിൽ നിന്നോ എത്തേണ്ട സാഹചര്യമുണ്ട്. അതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് മൾട്ടി ആക്സിൽ വാഹനങ്ങൾ ചുരം വഴി കടന്നുപോകുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.പദ്ധതിക്ക് ഒന്നര വർഷമാണ് കരാർ കാലാവധി. മരങ്ങൾ മുറിച്ചുനീക്കുകയും അനുമതികൾ പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് ഒന്നര മാസം മുമ്പ് നിർമാണം ആരംഭിച്ചത്. ഇതിനകം കരാർ കാലാവധിയുടെ ആറുമാസം പിന്നിട്ടു. ശേഷിക്കുന്ന ഒരു വർഷത്തിനുള്ളിൽ മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കേണ്ട വെല്ലുവിളിയാണ് മുന്നിലുള്ളത്.
അതേസമയം, അതീവ പരിസ്ഥിതി ലോല മേഖലയായ താമരശ്ശേരി ചുരത്തിൽ മഴക്കാലത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള അപകടസാധ്യതകൾ വർധിപ്പിക്കുമെന്ന ആശങ്കയും ശക്തമാണ്.
