വിഴിഞ്ഞത്തെ സ്വർണപ്പണയ സ്ഥാപനത്തിലെ യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ സിന്ധുകുമാരി വൻ തട്ടിപ്പുകാരിയെന്ന് പോലീസ്. തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നായി ഏകദേശം രണ്ട് കോടി രൂപയും 200 പവനിലേറെ സ്വർണവും തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്തിയശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതിയെ സമീപിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.പ്രതിക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 25 ആയി. സ്വർണം, വസ്തു, പണം എന്നിവ തട്ടിയെടുത്തെന്ന പരാതികളാണ് ഭൂരിഭാഗവും. കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സാമ്പത്തിക തട്ടിപ്പിന്റെ വ്യാപ്തി കൂടുതൽ വ്യക്തമായത്.
കെഎസ്എഫ്ഇയുടെ 15 ശാഖകളിലായി ഏകദേശം രണ്ട് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലൂടെ പണം നൽകി, പിന്നീട് കെഎസ്എഫ്ഇ ചിട്ടിയിലൂടെ കടം തീർക്കാമെന്ന് വിശ്വസിപ്പിച്ച് ആളുകളിൽ നിന്ന് വസ്തുവിന്റെ പ്രമാണങ്ങൾ കൈപ്പറ്റിയ ശേഷം അവ ഈടായി നൽകി വായ്പയെടുത്താണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വായ്പാ രേഖകളിൽ നൽകിയിരുന്ന ഫോൺനമ്പർ സിന്ധുകുമാരിയുടേതായിരുന്നതിനാൽ യഥാർഥ ഉടമകൾക്ക് ബാങ്ക് നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയംവെച്ച സ്വർണം ചാക്ക, ആര്യശാല, കോവളം എന്നിവിടങ്ങളിൽ വിറ്റാണ് തുടർതട്ടിപ്പുകൾ നടത്തിയതെന്നും 200 പവനിലേറെ സ്വർണം ഇത്തരത്തിൽ വിറ്റഴിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. തട്ടിപ്പിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന സംശയവും പൊലീസിനുണ്ട്. എന്നാൽ ചോദ്യം ചെയ്യലിൽ സിന്ധുകുമാരി മൗനം പാലിക്കുന്നതാണ് അന്വേഷണത്തിന് വെല്ലുവിളിയാകുന്നത്.
