കൊല്ലം ചടയമംഗലം സ്വദേശികളായ കുടുംബം ഇക്കഴിഞ്ഞ ഫെബ്രുവരി 16-നാണ് വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടലിൽ നിന്ന് മീൻമുട്ട ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുവരുടെയും ആരോഗ്യനില പെട്ടെന്ന് വഷളായി.
റഷീത ബീവിയയെയും മരുമകൻ ഷാജിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇരുവരും മരണപ്പെട്ടു. തുടക്കത്തിൽ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന നിഗമനത്തിൽ ഹോട്ടൽ അടച്ചിരുന്നു.
എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ല. തുടർന്ന് ഹോട്ടലിലെ ഭക്ഷണ സാമ്പിളുകളും ജലസാമ്പിളുകളും പരിശോധിച്ചു. കൂടാതെ മീൻ എത്തിച്ച തമിഴ്‌നാട്ടിലെ മാർക്കറ്റിലും പരിശോധന നടന്നു.
എന്നാൽ ഇവയിൽ ഒന്നിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചില്ല. തുടർന്ന് നടത്തിയ രാസ പരിശോധനയിലാണ് മരണകാരണം മറൈൻ ടോക്സിൻ ആകാമെന്ന സാധ്യതയിലേക്ക് അന്വേഷണ സംഘം എത്തിയത്.സമുദ്രത്തിന് അടിത്തട്ടിലെ ആൽകൾ ഉത്‌പാദിപ്പിക്കുന്ന വിഷം, ആൽകളെ ഭക്ഷണമാക്കുന്ന മത്സ്യങ്ങളിലേക്കും എത്താനുള്ള സാധ്യതയുണ്ട്. അങ്ങനെ വിഷാംശം മനുഷ്യ ശരിത്തിലേക്കും എത്തിയേക്കാം. നിലവിൽ അസ്‌മാക്ക് ഹോട്ടൽ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നൽകിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ ചടയമംഗലം പോലീസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്.
വിഴിഞ്ഞം ഭക്ഷ്യ വിഷബാധ കേസ്:ഭക്ഷ്യവിഷബാധയല്ലെന്ന് കണ്ടെത്തൽ
