മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കെട്ടിച്ചമച്ചതാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും തുടരന്വേഷണത്തിന് നേതൃത്വം നൽകുക.
കഴിഞ്ഞ ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിനിടെയാണ് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജിനെ മാരകായുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചെന്ന പേരിൽ കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് കെ.എസ്.യു. പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയായിരുന്നു പൊലീസ് നടപടി.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽ മന്ത്രിയെ ആക്രമിക്കുന്നതിന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചില്ല. തുടക്കത്തിൽ 13 വകുപ്പുകൾ ചുമത്തിയിരുന്ന കേസിൽ പിന്നീട് വധശ്രമ വകുപ്പ് ഒഴിവാക്കുകയും ചെയ്തു. ഇതോടെയാണ് കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം കൂടുതൽ ശക്തമായത്.
തുടർന്ന് കേസ് വ്യാജമായി രജിസ്റ്റർ ചെയ്തതാണെന്ന് ആരോപിച്ച് കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനൻ ആഭ്യന്തര വകുപ്പിന് പരാതി നൽകി. പരാതി പരിശോധിച്ച ശേഷമാണ് കേസ് വീണ്ടും അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചത്.
അന്വേഷണത്തിനിടെ മൊഴിയിൽ മാറ്റം വരുത്താൻ സമ്മർദം ഉണ്ടായെന്ന ആരോപണങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണം ഉന്നതതലത്തിലേക്കും വ്യാപിക്കുമെന്നാണ് വിലയിരുത്തൽ. നേരത്തെ കണ്ണൂർ റെയിൽവേ പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. തുടരന്വേഷണത്തിൽ കേസിന്റെ രജിസ്ട്രേഷൻ, അന്വേഷണ നടപടികൾ, തെളിവുകളുടെ ശേഖരണം എന്നിവ ഉൾപ്പെടെയുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്നാണ് വിവരം.
