കോഴിക്കോട് വടകരയിലെ കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി.സൊസൈറ്റിയിൽ വ്യാജ കരാറുകൾ ചമച്ച് വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ പ്രധാന പ്രതിയും മുൻ ഡയറക്ടറുമായ റിനീഷിനെ കണ്ടെത്തുന്നതിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി.
അതേസമയം, മുൻ ഡി.സി.സി സെക്രട്ടറിയും സൊസൈറ്റിയുടെ മുൻ സെക്രട്ടറിയുമായ സുധീർ കുമാറിനെ ഇന്നലെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും തുടർനടപടികൾ.കടത്തനാട് ലേബർ സൊസൈറ്റിയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 2.16 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
സെക്രട്ടറി പ്രീന, മുൻ പ്രസിഡന്റ് ടി.വി. സുധീർ കുമാർ, മുൻ ഡയറക്ടർ റിനീഷ് എന്നിവരെ പ്രതിചേർത്താണ് അന്വേഷണം ആരംഭിച്ചത്. കേസ് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.സൊസൈറ്റിയിൽ നിക്ഷേപിച്ച 22 ലക്ഷം രൂപ തിരികെ ലഭിക്കാത്തതിനെ തുടർന്ന് തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജി സുധീർ കുമാറിന്റെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ നിരവധി നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. സുധീർ കുമാറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും.
